പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 236 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 25 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 27 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 184 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ഇന്നലെ മൂന്നു മരണവും ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
രോഗബാധിതനായ നെടുമ്പ്രം സ്വദേശി (56), കോയിപ്രം സ്വദേശി (60),
വടശ്ശേരിക്കര സ്വദേശി (65) എന്നിവരാണ് മരിച്ചത്.
കൊവിഡ് ബാധിതരായ 38 പേർ ജില്ലയിൽ ഇതുവരെ മരണപ്പെട്ടു.
ആകെ 5188 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3448 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ഇന്നലെ 99 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4067 ആണ്. 1083 പേർ ചികിത്സയിലാണ്. ആകെ 15594 പേർ നിരീക്ഷണത്തിലാണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട നഗരസഭയിലെ വാർഡ് 21, 22, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 7 എന്നീ സ്ഥലങ്ങളിൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം നീട്ടി
എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (കൊറ്റൻകുടിപള്ളിക്കുന്ന് റോഡ്, കൊറ്റൻകുടിവാഴക്കാല, പെരുമ്പാറ പ്രദേശം), പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 7, 13 എന്നിവിടങ്ങളിൽ 7 ദിവസത്തേക്കുകൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം നീട്ടി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
പന്തളം നഗരസഭയിലെ വാർഡ് 8, 9, 10, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 6, ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 3, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 12 (കുന്നിട പടിഞ്ഞാറ് ഭാഗം), എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (കൊറ്റൻകുടിപള്ളിക്കുന്ന് റോഡ്, കൊറ്റൻകുടിവാഴക്കാല, പെരുമ്പാറ പ്രദേശം ഒഴികെ), കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 5, 8, 10, 13, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (വെള്ളപ്പാറമുരുപ്പ്, മുക്കുടിക്കൽ മറ്റത്ത്പടി ഭാഗങ്ങൾ), വാർഡ് 4 (മാവിള കോളനി മുതൽ പനവിള കോളനി ഭാഗംവരെ (പ്ലാന്റേഷൻ മുക്ക് മുസ്ലീം പള്ളിക്ക് സമീപം) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
അടൂർ ഡിപ്പോയിൽ കൺട്രോളിംഗ്
ഇൻസ്പെക്ടർക്കും കൊവിഡ്
അടൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർ വൈസർക്ക് പിന്നാലെ ഇന്നലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ജീവനക്കാർ ഭയപ്പാടിലാണ്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ ഭൂരിപക്ഷം പേരും ബന്ധപ്പെടുന്ന രണ്ട് ഉദ്യോഗസ്ഥരാണ് വെഹിക്കിൾ സൂപ്പർവൈസറും ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടറും. ഡിപ്പോയിൽ ജോലി നോക്കിയ സൂപ്പർവൈസർ 11നാണ് സുഖമില്ലാതെ വീട്ടിലേക്ക് മടങ്ങിയത്. ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇൗ ഉദ്യോഗസ്ഥനുമായി പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 11 ജീവനക്കാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിൽ ഒരാളാണ് ഇന്നലെ പോസിറ്റീവായ കൺട്രോളിംഗ് ഇൻസ്പെക്ടർ. ഇൗ ഉദ്യോഗസ്ഥൻ ചൊവ്വാഴ്ച കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഡിപ്പോയിൽ നിന്ന് ആരംഭിച്ച സർവ്വീസിന്റെ ഫ്ളാഗ് ഒഫ് ചടങ്ങിൽ പങ്കെടുത്തിരുന്നു. കൺട്രോളിംഗ് ഇൻസ്പെക്ടറുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 17 പേരുടെ ലിസ്റ്റാണ് ഇന്നലെ തയ്യാറാക്കിയത്. എന്നാൽ സമ്പർക്കത്തിലായ പലരുടെയും പേര് പട്ടികയിൽ ഉൾപ്പെടാത്തതും ജീവനക്കാരെ ഭീതിയിലാക്കുന്നുണ്ട്.
മുൻകരുതൽ ഇല്ല, രോഗവ്യാപന ഭീതി
അതേ സമയം ഡിപ്പോ അധികൃതർ കൊവിഡ് ബാധയെ നിസാരവൽക്കരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന ആക്ഷേപം ഒരുവിഭാഗം ജീവനക്കാർക്കിടയിലുണ്ട്. മതിയായ മുൻകരുതൽ ഇല്ലാത്തത് രോഗവ്യാപന ഭീതി ഉയർത്തുന്നു. രോഗം പകർന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ഡിപ്പോയിലെ പല ജീവനക്കാരും. ചിലർ ഇന്നലെയും വിവിധ സർവ്വീസുകളിൽ ജോലി നോക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ജീവനക്കാരെ ക്വാറന്റൈനിൽ അയച്ചാൽ ഡിപ്പോയുടെ പ്രവർത്തനം തടസപ്പെടുമെന്ന ആശങ്കയാണ് അധികൃതർക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |