കൊല്ലം: പുതിയ കെ.പി.സി.സി ഭാരവാഹിപ്പട്ടികയുടെ പേരിൽ കോൺഗ്രസിലും മഹിളാ കോൺഗ്രസിലും അമർഷം പുകയുന്നു. വർഷങ്ങളുടെ പാർട്ടി പാരമ്പര്യമുള്ളവരെ തഴഞ്ഞ് പ്രവർത്തന പരിചയമില്ലാത്തവരെ കെ.പി.സി.സി സെക്രട്ടിമാരാക്കിയെന്ന ആരോപണം മുതിർന്ന നേതാക്കളിൽ ശക്തമാണ്.
കൊല്ലത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളായ പല മുതിർന്ന നേതാക്കളെയും പരിഗണിക്കാത്തത് കടുത്ത കൈയായിപ്പോയെന്നാണ് വിമർശനം. സാമുദായിക പരിഗണനപോലും ചില സംസ്ഥാന നേതാക്കൾ കാറ്റിൽപ്പറത്തിയെന്ന ആക്ഷേപമുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളിൽപ്പെടാതെ മറ്റ് സ്വാധീനങ്ങളിൽ ഭാരവാഹിപ്പട്ടികയിലേയ്ക്ക് അപ്രതീക്ഷിതമായി പലരെയും എടുത്തുയർത്തിയെന്നാണ് ആരോപണം.
തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, സൂരജ് രവി, സൈമൺ അലക്‌സ്, പി. ജർമ്മിയാസ്, എൽ. കെ. ശ്രീദേവി, കെ. ബേബിസൺ, ബിന്ദു ജയൻ, നടുക്കുന്നിൽ വിജയൻ എന്നിവരാണ് ജില്ലയിൽ നിന്ന് കെ.പി.സി.സി സെക്രട്ടറിമാരായത്. ഇതിൽ തൊടിയൂർ രാമചന്ദ്രൻ, സൈമൺ അലക്‌സ്, പി. ജർമ്മിയാസ്, സൂരജ് രവി എന്നിവർ എ ഗ്രൂപ്പിലാണ്. ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, ബേബിസൺ, ബിന്ദുജയൻ, നടുക്കുന്നിൽ വിജയൻ എന്നിവർ ഐ പക്ഷത്തുള്ളവരും. ആർ. രാജശേഖരനെ കെ.സി. വേണുഗോപാലിന്റെ നിർദ്ദേശത്താലാണ് സെക്രട്ടറിയാക്കിയത്. ബേബിസൺ മുൻ കെ.പി.സി.സി പ്രസിഡന്റ് പത്മരാജന്റെയും ബിന്ദുജയൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും നടുക്കുന്നിൽ വിജയൻ രാജ്മോഹൻ ഉണ്ണിത്താന്റെയും ശുപാർശയിലാണ് പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് സൂചന.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതുക്കലെത്തി നിൽക്കെ പ്രവർത്തന പാരമ്പര്യമുള്ള പലരെയും തഴഞ്ഞത് കോൺഗ്രസിന് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കൊല്ലം മണ്ഡലത്തിൽ ചില പ്രതിഷേധ യോഗങ്ങൾ പോലും ഇത്തരത്തിൽ കഴിഞ്ഞദിവസം കൂടുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യരുതെന്നും തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നും വരെ പറയുന്നുണ്ട്. മഹിളാ കോൺഗ്രസിലെ മുതിർന്ന പല നേതാക്കളെയും തഴഞ്ഞത് യാതൊരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നാണ് ഭൂരിപക്ഷാഭിപ്രായം. ഗ്രൂപ്പ് പരിഗണന പോലെയുള്ളവ അംഗീകരിക്കുമ്പോൾ തന്നെ മുകളിൽ നിന്ന് കെട്ടിയിറക്കുന്നവരെ നേതാവായി അംഗീകരിക്കാനാവില്ലെന്നാണ് നേതാക്കൾ പറയുന്നത്. പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ ഇത്തരം കെട്ടിയിറക്കൽ എല്ലാവിഭാഗം പ്രവർത്തകരെയും താളംതെറ്റിക്കുമെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പക്ഷം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |