കൊച്ചി: ഇരുചക്രവാഹന യാത്രക്കാരെ മര്യാദ പഠിപ്പിക്കാൻ ഇനിയൊരു ഹെൽമറ്റ് മാത്രംമതി. ഇത് തലയിൽ വെയ്ക്കാതെ താക്കോൽ തിരിച്ചാലും വണ്ടി സ്റ്റാർട്ടാകില്ല. യാത്രക്കാരന് മദ്യത്തിന്റെ നേരിയഗന്ധമുണ്ടെങ്കിൽ ഹെൽമറ്റ് ധരിച്ചിട്ടും കാര്യമില്ല. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ 18 കാരൻ എഡോൺ ജോയിയാണ് ഈ അത്ഭുത ഹെൽമറ്റിനു പിന്നിലെ സൂത്രശാലി.
സ്കൂട്ടറിന്റെ ബോക്സിൽ സൂക്ഷിക്കുന്ന ചെറിയൊരു കൺട്രോൾ യൂണിറ്റിലാണ് ഹെൽമറ്റും വാഹനവുമായി ബന്ധം. ഹെൽമറ്റ് തലയിൽ ധരിച്ചാൽ മാത്രമെ എഡോണിന്റെ സ്കൂട്ടർ സ്റ്റാർട്ടാവു. മദ്യത്തിന്റെ ലേശം ഗന്ധമെങ്കിലുമുള്ള ആളാണ് ഹെൽമറ്റ് ധരിക്കുന്നതെങ്കിലും വാഹനം സ്റ്റാർട്ടാവില്ല. ഹെൽമറ്റ് ഊരിയാൽ ഉടൻ വണ്ടിയുടെ എൻജിൻ ഓഫ് ആവുകയും ചെയ്യും. അതിൽ മാത്രം ഒതുങ്ങുന്നതല്ല ഈ യുവപ്രതിഭയുടെ കണ്ടുപിടുത്തങ്ങൾ. യാത്രക്കിടെ വാഹനം അപകടത്തിൽപ്പെട്ടാൽ 30 സെക്കന്റിനകം ഏറ്റവും അടുത്ത ബന്ധുക്കളുടെയൊ സുഹൃത്തുക്കളുടെയൊ മൊബൈൽ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശം എത്തും. സന്ദേശം ലഭിക്കേണ്ട നമ്പരുകൾ മുൻകൂട്ടി ചിപ്പിൽ സേവ് ചെയ്യണമെന്നുമാത്രമേയുള്ളു. ഇതോടൊപ്പം എഡോൺ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ വഴി ദൂരെസ്ഥലത്തിരുന്നു വാഹനത്തിന്റെ പ്രവർത്തനം നിയന്ത്രിക്കാനാകും. എസ്.എം.എസ് വഴി വണ്ടി സ്റ്റാർട്ട് ചെയ്യാനും നിശ്ചിത പരിധിക്കുള്ളിൽ നിറുത്താനും സാധിക്കും. വാഹനം ഏതെങ്കിലും മോഷ്ടാവ് അപഹരിച്ചാൽ മൊബൈൽ ആപ്ലിക്കേഷനിൽ നിന്ന് സ്റ്റോപ്പ് എന്നൊരു മെസേജ് ആയച്ചാലും എൻജിൻ ഓഫാകും. പിന്നീട് ഹെൽമറ്റുവച്ചാലോ താക്കോൽ തിരിച്ചാലൊ വീണ്ടും സ്റ്റാർട്ടാവുകയുമില്ല. അതേ ആപ്ലിക്കേഷനിൽ നിന്ന് സ്റ്റാർട്ട് എന്ന് മേസേജ് ലഭിക്കണം. സന്ദേശം കിട്ടിയാൽ ഐ ആം റെഡി ടു ഗോ എന്ന സന്ദേശം വാഹനത്തിലെ ചിപ്പിൽ നിന്ന് ഉടമയുടെ ഫോണിൽ എത്തും. കൺട്രോൾ യൂണിറ്റിൽ ഒരു സിം കാർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉള്ളതുകൊണ്ട് വാഹനം ദൂരെസ്ഥലത്തേക്ക് മോഷ്ടിച്ചുകൊണ്ടുപോയാൽ മൊബൈൽ ഫോൺ ടവർ ലൊക്കേറ്റ് ചെയ്ത് തിരിച്ചെടുക്കാനും സാധിക്കും. 6500 രൂപയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കാൻ എഡോണിന് ചെലവായത്. ടെക്നിക്കൽ ഹയർസെക്കൻഡറി പാസായ ഈ കൊച്ചുമിടുക്കൻ ഇലക്ട്രോണിക്സിൽ എൻജിനീയറിംഗിൽ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലാണ്. ചുള്ളിക്കൽ കീനേഴ്സിൽ ജോയി പോൾ ജീന ദമ്പതികളുടെ മകനാണ് എഡോൺ. സഹോദരൻ ഡിയോൺ ചിന്മയ വിദ്യാലയത്തിൽ 9ാം ക്ലാസ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |