മാനന്തവാടി: രണ്ടു തവണ കേരള ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട വയനാടൻ താരം സജ്‌ന അടുത്ത സ്വപ്നസാക്ഷാത്കാരത്തിനായുള്ള തീവ്രയജ്ഞത്തിലാണ്. ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്തുന്ന ആ സുവർണ നിമിഷത്തിലേക്ക് ഉറ്റുനോക്കുമ്പോൾ ശുഭപ്രതീക്ഷ മാത്രമേയുള്ളൂ. മോഹസാഫല്യത്തിനായി മറ്റെല്ലാം മറന്നുള്ള കഠിന പരിശീലനത്തിലാണ് ഈ മാനന്തവാടിക്കാരി.
വിജയത്തിലേക്കുള്ള ചവിട്ടുപടികൾ കയറുക എളുപ്പമല്ലെന്ന നല്ല ബോദ്ധ്യമുണ്ട് സജ്‌നയ്ക്ക്. കേരള ടീമിലേക്കുള്ള സെലക്‌ഷൻ ട്രയൽസിൽ ആദ്യശ്രമം തീർത്തും പരാജയമായിരുന്നു. പക്ഷേ, ഒട്ടും തളർന്നില്ല. അടുത്ത അവസരത്തിനായി സ്ഥിരോത്സാഹത്തോടെ തയ്യാറെടുത്തു. രണ്ടാമൂഴത്തിൽ ലക്ഷ്യം കണ്ടെത്തി.
കേരളത്തിൻറെ ആദ്യമത്സരത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു സജ്‌നയ്ക്ക്. ഫൈനലിൽ ഹൈദരാബാദിനെതിരെ ഒടുവിൽ കേരളത്തിന് വേണ്ടത് ഒരു ബോളിൽ നാല് റൺസ്. തികഞ്ഞ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത സജ്‌നയ്ക്ക് പിഴച്ചില്ല. കവർഡ്രൈവിലൂടെ പന്ത് ബൗണ്ടറിയിലേക്ക് പായിച്ചപ്പോൾ സ്‌റ്റേഡിയത്തിൽ നിലയ്ക്കാത്ത ഇരമ്പം. വളരെ വേഗത്തിൽ ഓൾറൗണ്ടറായി മാറിയ സജ്‌ന കളത്തിൽ ഏതു ഫോർമാറ്റിലും തിളങ്ങി. പൊസിഷൻറെ കാര്യത്തിൽ സജ്‌നയ്ക്ക് ഏറെ പ്രിയമാണ് ഫീൽഡിംഗിനോട്. 2015, 2017 വർഷങ്ങളിലാണ് മികച്ച വനിതാ ക്രിക്കറ്ററായി കേരള ക്രിക്കറ്റ് അസോസിയേഷൻ സജ്‌നയെ തിരഞ്ഞെടുത്തത്.
കുട്ടിക്കാലത്തേ ഈ മിടുക്കിയ്ക്ക് ക്രിക്കറ്റിനോടായിരുന്നു കമ്പം. മുതിർന്നപ്പോഴേക്കും ആ പ്രണയം വളർന്നതേയുള്ളൂ. അനിയൻ സച്ചിനും അവൻരെ ചങ്ങാതിമാരുമൊക്കെയായിരുന്നു അക്കാലത്ത് കളിക്കൂട്ട്. കൊയ്ത്തു കഴിഞ്ഞ പാടത്ത് തെങ്ങിൻമടലിൻറെ ബാറ്റുമേന്തിയായിരുന്നു കളി. പ്ലാസ്റ്റിക് കവർ കൊ ണ്ട്കെട്ടിയുണ്ടാക്കിയതാണ് ബാൾ.
അഞ്ചാം ക്ലാസ്സ് മുതൽ സജ്‌ന ഹോസ്റ്റലിലായി. ഈ സമയത്ത് അത്‌ലറ്റിക്‌സിൽ മികവ് തെളിയിച്ചെങ്കിലും ക്രിക്കറ്റ് മനസ്സിൽ മുറുകെപ്പടിച്ചിരുന്നു. പിന്നീട് ഹോസ്റ്റലിൽ നിന്ന് മടങ്ങിയ ശേഷം മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പ്ളസ് ടു പഠനം.
സ്‌കൂളിലെ പി.ടി അദ്ധ്യാപിക എൽസമ്മ ടീച്ചർ സജ്‌നയിലെ ക്രിക്കറ്റ് താരത്തെ പെട്ടെന്നു തിരിച്ചറിഞ്ഞു. അവരുടെ പ്രോത്സാഹനത്തോടെയുള്ള നിരന്തര പരിശീലനം വലിയ വഴിത്തിരിവായി. ഒപ്പം ഷാനവാസ് സാർ കൂടി പിന്തുണച്ചതോടെയാണ് കെ സി എ യുടെ സെലക്‌ഷൻ ട്രയൽസിൽ ഇറങ്ങാനുള്ള ധൈര്യം കൈവന്നത്.
വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഗൗതം ഗംഭീർ കളിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന് പ്രാക്ടീസിന് വേണ്ടി ഫീൽഡ് ചെയ്തത് സജ്‌നയാണ്. കളി കഴിഞ്ഞ് മടങ്ങുമ്പോൾ സ്വന്തം ബാറ്റ് സജ്‌നയ്ക്ക് സമ്മാനിക്കുകയായിരുന്നു ഗൗതം. ആ ബാറ്റുപയോഗിച്ച് പിന്നീട് ഒരു മാച്ചിൽ സജ്‌ന വേഗതയേറിയ സെഞ്ച്വറി നേടി. 84 ബാളിലാണ് അന്ന് 100 കടന്നത്.
ബി സി സി ഐ നടത്തിയ ആദ്യടൂർണമെന്റിൽ സജ്‌നയായിരുന്നു കേരള ക്യാപ്‌ടൻ. ആ ടൂർണമെന്റിൽ കേരളം കിരീടം ചൂടി. അടുത്ത ടൂർണമെൻറിലും സജ്‌ന നായികയായുള്ള കേരള ടീം ട്രോഫി സ്വന്തമാക്കി.
ഇന്ത്യൻ റെഡ് ടീമിന് വേണ്ടിയും ഈ താരം ഇറങ്ങിയിട്ടുണ്ട്. അന്ന് മിഥാലി രാജിനെ കാച്ചിൽ വീഴ്‌ത്തിയാണ് സജ്‌ന ഹീറോയിനായത്. ആ കളിയിൽ ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങാനും കഴിഞ്ഞു.
സചിൻ ടെൻഡുൽക്കറിന്റെ കടുത്ത ആരാധികയാണ് സജ്‌ന. മിഥാലി രാജ്, ഹർമിൻ പ്രീത് എന്നിവരാണ് ഇഷ്ടതാരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |