നാലു ഭാഷകളിലായി 120ൽ അധികം സിനിമകളിൽ അഭിനയിച്ച നളിനിയുടെ പുതിയ വിശേഷങ്ങൾ
തെന്നിന്ത്യൻ സിനിമയിലാകെ വൈക്കം മൂർത്തി നൃത്ത സംവിധായകനായി തിളങ്ങുന്ന കാലം. നൃത്തലോകത്തുനിന്നു തന്നെ വൈകാതെ പ്രിയ പാതിയായി പ്രേമ എന്ന പെൺകുട്ടിയെ മൂർത്തി കണ്ടെത്തി. ഇവർക്ക് എട്ടു മക്കൾ.മൂർത്തിയുടെ അഞ്ചാമത്തെ മകൾ റാണി മാത്രം നക്ഷത്രമായി ഉദിച്ചു യുർന്നു.ആറാം ക്ളാസിൽ പഠിക്കുമ്പോൾ എ.ബി രാജിന്റെ 'അഗ്നിശരം"സിനിമയിൽ ജയന്റെ സഹോദരിയായി അഭിനയിച്ചു തുടക്കം. ഏഴാം ക്ളാസിൽ പഠിപ്പ് നിറുത്തി. നാലു പതിറ്രാണ്ടായി തുടരുകയാണ് വെള്ളിത്തിരയിലെ ജീവിതം. നളിനി എന്ന നടിയായാണ് റാണി അറിയപ്പെടുന്നത് .ഒരുകാലത്ത് മലയാളത്തിലെ പ്രിയ നായിക. നാലു ഭാഷകളിൽ 120ലധികം സിനിമകൾ.ചെന്നൈ വത്സരവാക്കത്തെ ഫ്ളാറ്റിൽ ജീവിതത്തിലെ മുത്തശ്ശിയുടെ വേഷത്തിലാണ് നളിനി .
അന്നത്തെ ഏഴാം ക്ളാസുകാരി ഇപ്പോൾ മുത്തശ്ശിയായി ?
മുത്തശ്ശിയുടെ ജീവിതം നന്നായി ആസ്വദിക്കുന്നു.എനിക്ക് പ്രായമായി. എന്നാൽ കൊച്ചമക്കൾക്കൊപ്പം അവരിലൊരാളാവാൻ ശ്രമിക്കുന്നു. മക്കളായ അരുണും അരുണയും ഇരട്ടകൾ. അരുണിന്റെ മക്കളായ നിയന്തും സ്വാസതും ഒപ്പം ഉണ്ടെങ്കിൽ സമയം പോവുന്നത് അറിയില്ല. അരുൺ ലണ്ടനിൽ ചാർഡേണ്ട് അക്കൗണ്ടന്റ്. മരുമകൾ പവിത്ര. അരുണ ചെന്നൈയിൽ ചാർട്ടേഡ് ബാങ്കിൽ ലീഗൽ അഡ്വൈസർ. മരുമകൻ രമേഷ് സുബ്രഹ്മണ്യൻ.മുത്തശ്ശിയുടെ മാത്രമല്ല, അമ്മയുടെയും അമ്മായി അമ്മയുടെയും ജീവിതവും ആസ്വദിക്കുന്നു.
റാണി എങ്ങനെ നളിനി എന്ന താരമായി മാറി?
മലയാളത്തിൽ രണ്ടാമത് സിനിമയാണ് 'ഇടവേള". ആ സിനിമയുടെ നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളി സാറാണ് നളിനി എന്ന പേരിട്ടത്. സംവിധായകൻ മോഹൻസർ നളിനി എന്നു വിളിക്കുമ്പോൾ അതു എന്റെ പേരെന്ന് പോലും അറിയാതെ ഇരുന്നു. അതു കണ്ട് ലൊക്കേഷനിൽ എല്ലാവരും ചിരിച്ചു. റാണി പദ്മിനി, റാണി ചന്ദ്ര എന്നീ നടികൾ മുൻപ് ഉണ്ടായിരുന്നതു കൊണ്ടാവാം അവർ പേര് മാറ്റിയതെന്ന് തോന്നുന്നു.പ്രേക്ഷകർ നളിനി എന്നു വിളിക്കുന്നു. വീട്ടുകാർ റാണി എന്നും. റാണി എന്ന പേരിനേക്കാൾ ഇഷ്ടമാണ് നളിനി.
മമ്മൂട്ടി, മോഹൻലാൽ , െഎ.വി. ശശി സിനിമകളിലാണ് കൂടുതൽ തിളങ്ങിയത്?
മമ്മൂട്ടിയോടൊപ്പം സ്നേഹമുള്ള സിംഹം, ആവനാഴി, അടിമകൾ ഉടമകൾ,വാർത്ത തുടങ്ങിയ സിനിമകൾ.സ് നേഹമുള്ള സിംഹത്തിലെ മായ എന്ന കഥാപാത്രമാണ് പ്രിയപ്പെട്ടത്. മായ എന്ന വിളി ആസമയത്ത് ഒരുപാട് ലഭിച്ചു. അടിമകൾ ഉടമകളിലും വാർത്തയിലും മോഹൻലാലും ഉണ്ടായിരുന്നു. ഭൂമിയിലെ രാജാക്കൻമാരിൽ മോഹൻലാലിന്റെ നായികയായി. സംവിധായകന്റെ നടീ നടന്മാരായിരുന്നു അക്കാലത്ത് ഞങ്ങൾ എല്ലാവരും. ശശിസാറിന്റെ സിനിമയിൽ എല്ലാവർക്കും മികച്ച കഥാപാത്രങ്ങൾ ലഭിക്കും. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് മറക്കാൻ കഴിയില്ല. 'പശി"കണ്ടസമയത്ത് ശോഭേച്ചിയെ നേരിട്ടു കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്.സാധിച്ചില്ല.
രാമരാജനുമായുള്ള വിവാഹം, വേർപിരിയൽ. ഇപ്പോൾ ആലോചിക്കുമ്പോൾ എന്ത് തോന്നുന്നു?
വിവാഹ ജീവിതം ശാപമായിരുന്നു. അതിൽ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം.സ്വപ്നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴിൽ കുറെ സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. അതു പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേർപിരിഞ്ഞു. വിവാഹ ജീവിതം കൊണ്ടു ലഭിച്ചത് രണ്ടു നല്ല മക്കളെ.
ജീവിതത്തിൽ നടക്കാതെ പോയ ആഗ്രങ്ങളുണ്ടോ?
അദ്ധ്യാപികയാവണമെന്ന് ഒരുപാട് ആഗ്രഹിച്ചു. ആ ആഗ്രഹം ഇപ്പോഴുമുണ്ട്. കൊച്ചുമക്കൾക്കു മുൻപിൽ ദിവസവും കഥ പറച്ചിൽ നടത്തി സ്വയം അദ്ധ്യാപികയായി മാറുന്നു. നടക്കാതെ പോയ ആഗ്രഹം അടുത്ത ജന് മത്തിൽ സാക്ഷാത്കരിക്കണം. സിനിമയിൽ വരാൻ ആഗ്രഹിച്ചില്ല. ദൈവം കൊണ്ടു വന്നതാണ്. എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല, മക്കളെ നന്നായി പഠിപ്പിച്ചു. അവർ സിനിമയിൽ വരരുതെന്ന കടുത്ത തീരുമാനം ഞാൻ എടുത്തു. വീട്ടിൽ ഒരിക്കലും സിനിമ സംസാരിച്ചില്ല.എന്റെ അഭിമുഖം വന്ന മാഗസിൻ പോലും കാണിച്ചില്ല.
നാടിനെക്കുറിച്ചുള്ള ഒാർമയിൽ ആദ്യം തെളിയുന്ന കാഴ്ച?
വൈക്കം കായൽ. എത്ര കണ്ടാലും മതി വരില്ല. ചെന്നൈയിൽ ബന്ധുക്കൾ ആരുമില്ല. എല്ലാവരും കേരളത്തിൽ. കൊച്ചച്ഛന്റെ കുടുംബം വൈക്കത്തുണ്ട്.തുറവൂരും ചേർത്തലയിലും ബന്ധുക്കളുണ്ട്. വൈക്കം കായൽ കാണാതെ മടക്കമില്ല.അച്ഛന്റെ പാത പിൻതുടർന്ന് സഹോദരൻ വിഷ്ണുദേവ് കൊറിയോഗ്രഫറായി പ്രവർത്തിക്കുന്നതിന്റെ സന്തോഷം കുടുംബത്തിൽ എല്ലാവർക്കുമുണ്ട്. മൂത്ത ജ്യേഷ്ഠൻ കുമാറും കൊറിയോഗ്രഫറായിരുന്നു. ചേട്ടൻ മരിച്ചു. ഭാര്യ പ്രശസ്ത കൊറിയോഗ്രഫർ ശാന്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |