കാസർകോട്: കാലുകൾ കൊണ്ടും ചിത്രങ്ങൾ മനോഹരമായി വരച്ച് ശ്രദ്ധയാകർഷിക്കുകയാണ് കാസർകോട് പള്ളിക്കര സ്വദേശി കിരൺ കുതിരക്കോട് (23). മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളാണ് ഇതിൽ കൂടുതലും.
പ്ലസ്ടുവിന് പഠിക്കുമ്പോൾ പെൻസിൽ ഡ്രോയിംഗ് പരിശീലിച്ച കിരൺ ലോക്ക് ഡൗണിലാണ് കൈകൾക്കൊപ്പം കാലുകൾ കൊണ്ടുള്ള വര പരീക്ഷിച്ചത്. വീട്ടിൽ തിരിഞ്ഞും മറിഞ്ഞും കിടന്നാണ് ചിത്രരചന.
പ്രിയനടൻ മോഹൻലാലിന്റെ നാല് ചിത്രങ്ങൾ കാൽ കൊണ്ടു വരച്ച് അദ്ദേഹത്തനയച്ചു കൊടുത്ത് മറുപടി കാത്തിരിക്കുകയാണ്. ടോവിനോ, ഉണ്ണി മുകുന്ദൻ, മാമുക്കോയ, ജി.പി എന്നിവർക്കും അവരുടെ ചിത്രങ്ങൾ അയച്ചിരുന്നു. അവരെല്ലാം കിരണിനെ വിളിച്ച് അഭിനന്ദിച്ചു. ഉണ്ണിമുകുന്ദൻ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിരുന്നു.
കൈകൾക്ക് വൈകല്യമുള്ളവർ കാൽ കൊണ്ടു ചിത്രം വരയ്ക്കുന്നത് കണ്ടുപഠിച്ചതാണ്. കാലിന് ആദ്യമൊക്കെ വേദനയുണ്ടായി. പലതവണ പരിശീലിച്ചപ്പോൾ വഴങ്ങി.
ബി.കോം കഴിഞ്ഞ കിരൺ കാഞ്ഞങ്ങാട് ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ ജീവനക്കാരനാണ്. രണ്ടു വർഷം കാസർകോട് ജില്ലാ ടെന്നീസ് ടീമിന്റെ ക്യാപ്‌ടനായിരുന്നു. പ്രവാസിയായിരുന്ന മൻമോഹന്റെയും മീനാക്ഷിയുടെയും ഇളയ മകനാണ്. സഹോദരി: കവിത.
'മോഹൻലാൽ സാറിനോട് എനിക്ക് കടുത്ത ആരാധനയാണ്. എന്റെ ചിത്രം കണ്ട് അദ്ദേഹം അഭിപ്രായം അറിയിക്കാതിരിക്കില്ല".
- കിരൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |