SignIn
Kerala Kaumudi Online
Wednesday, 09 July 2025 11.10 AM IST

ഐക്യരാഷ്ട്രസഭാ സമിതി നേരത്തെ പറഞ്ഞു, കേരളത്തിൽ ഐസിസ് സംഘം സജീവം, ഇന്ത്യയിൽ ഇരുന്നൂറോളം അൽ ക്വ ഇദ ഭീകരർ, വേരുകൾ നീളുന്നത് കേരളത്തിലേക്കും കർണാടകത്തിലേക്കും

Increase Font Size Decrease Font Size Print Page
terror

ന്യൂഡൽഹി: എറണാകുളത്ത് എൻ.ഐ.എ നടത്തിയ റെയ്ഡിൽ മൂന്ന് അൽ ക്വ ഇദ ഭീകരരെ പിടിച്ചതിന് പിന്നാലെ ഏതാനും നാൾമുമ്പ് പുറത്തുവന്ന ഐക്യരാഷ്ട്രസഭാ സമിതിയുടെ റിപ്പോർട്ടും ചർച്ചയാവുന്നു. കേരളത്തിൽ ഐസിസ് ഭീകരരുടെ വലിയൊരു സംഘം സജീവമാണെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ജൂലായിൽ പുറത്തിറക്കിയ റിപ്പോർട്ടിലായിരുന്നു മുന്നറിയിപ്പ്. ഐസിസ്, അൽ ക്വ ഇദ തുടങ്ങിയ ഭീകര ഗ്രൂപ്പുകളെ നിരീക്ഷിക്കുന്ന യു. എൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 26-ാം റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉണ്ടായിരുന്നത്. അഫ്‌ഗാനിസ്ഥാനിലെ നിംറുസ്, ഹെൽമണ്ട്, കാണ്ഡഹാർ പ്രവിശ്യകളിലെ താലിബാൻ സെല്ലുകളാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ളാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള150 മുതൽ 200 വരെ അൽ ക്വ ഇദ ഭീകരർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ട്. ഇവരെ ഉപയോഗിച്ച് ഈ മേഖലയിൽ ഭീകരാക്രമണത്തിന് ഐസിസ് പദ്ധതിയിടുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ എൻ.ഐ.എ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ കേരളത്തിലടക്കം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് എറണാകുളത്തെ റെയ്ഡിൽ മൂന്ന് അൽ ക്വഇദ ഭീകരരെ പിടികൂടിയത്. ഇതോടെ കേരളത്തിൽ കൂടുതൽ ജാഗ്രതാ നിർദേശമുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളും കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

ഇന്ത്യൻ അൽ ക്വ ഇദ നേതാവ് ഒസാമാ മെഹമ്മൂദ്

ഇന്ത്യൻ അൽ ക്വ ഇദയുടെ ഇപ്പോഴത്തെ നേതാവ് ഒസാമാ മെഹമ്മൂദ് ആണ്. സെക്യൂരിറ്റി ഏജൻസികൾ വധിച്ച മുൻ തലവൻ ആസിം ഉമറിന്റെ പിൻഗാമി. ഉമറിന്റെ വധത്തിന് പ്രതികാരമായാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഐസിസിന്റെ ഒാപ്പറേഷൻ ഇന്ത്യൻ ശാഖയായ 'ഹിന്ദ് വിലായ' വഴിയാണിത്. ഇതിൽ ഇരുനൂറോളം ഭീകരരുണ്ട്. ഇവർക്ക് കേരളത്തിലും കർണാടകയിലും വേരുകളുണ്ടെന്നും യു. എൻ റിപ്പോർട്ടിൽ പറയുന്നു.

മലയാളികളെ റിക്രൂട്ട് ചെയ്യുന്നത് 'വിലായാ ഒഫ് ഹിന്ദി'ന്റെ പേരിൽ

കാശ്മീരിൽ വിലായ ഒഫ് ഹിന്ദ് എന്ന ഖിലാഫത്ത് സ്ഥാപിച്ചതായും ഐസിസിന്റെ ഇന്ത്യയിലെ ശാഖയാണ് 'വിലായ ഹിന്ദ്' എന്നും കഴിഞ്ഞ വർഷം മേയിൽ ഐസിസ് പ്രഖ്യാപിച്ചിരുന്നു. 'വിലായാ ഒഫ് ഹിന്ദി'ന്റെ മറവിലാണ് ഇപ്പോൾ രാജ്യത്ത് ഐസിസിന്റെ പ്രവർത്തനം. മലയാളികളെ റിക്രൂട്ട് ചെയ്യുന്നതും ഇവരെ രാജ്യം കടത്തുന്നതും ഇതിന്റെ പേരിലാണ്.

റിക്രൂട്ട്മെന്റ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ

സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആശയപ്രചാരണം നടത്തി യുവാക്കളെ ആകർഷിച്ച് റിക്രൂട്ട് ചെയ്യുകയാണ് രീതി. എക്‌സ്‌പോസ് കേരള, ഗോൾഡ് ദിനാർ, മെസേജ് കേരള എന്നിങ്ങനെ നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളുണ്ട്. ഇവയുടെ പ്രവർത്തനം എൻ.ഐ.എയുടെ സൈബർ ഫോറൻസിക് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. കേരളത്തിൽ തീവ്രവാദ കേസുകളിൽ അറസ്റ്റിലായവർക്ക് 'വിലായ ഒഫ് ഹിന്ദ്' സാമ്പത്തിക-നിയമ സഹായം ലഭ്യമാക്കുന്നുണ്ട്. യെമനിലെ ഭീകരഗ്രൂപ്പായ അൻസാറുള്ളയുമായും 'വിലായ ഒഫ് ഹിന്ദ്' ബന്ധപ്പെടുന്നതായി എൻ.ഐ.എയ്‌ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 32 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന തമിഴ്നാട്ടുകാരൻ വിലായത്ത് ഹിന്ദിലെ പ്രധാനിയാണ്.

കേരള ബന്ധം

കേരളത്തിലെ നിരവധി പേർ സംഘടനയിൽ ചേർന്നിട്ടുണ്ട്. കണ്ണൂരിൽ നിന്ന് അമ്പതോളം പേർ ഉണ്ടെന്നാണ് വിവരം. തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്‌സിനാണ് കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമിച്ചതിന് പിന്നിൽ പ്രവർത്തിച്ച ഒരാൾ.

ആറ്റുകാൽ സ്വദേശി നിമിഷ ഇപ്പോൾ അഫ്ഗാനിസ്ഥാനിലാണ്. മതംമാറ്റി ഐസിസിൽ ചേർത്തത് ഭർത്താവ് ഈസ. ഇരുവരും മൂന്ന് വയസുള്ള മകൾക്കൊപ്പം അഫ്ഗാൻ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു. ഐസിസിൽ ചേരാൻ 2016ൽ അഫ്ഗാനിസ്ഥാനിൽ എത്തിയ 21 മലയാളികളിൽ പകുതിയോളം സഖ്യസേനയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരുടെ മൂന്നു മിനിറ്റ് വീഡിയോ ഐസിസ് പ്രചരിപ്പിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, TERRORISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.