വാഷിംഗ്ടൺ: അമേരിക്കൻ സുപ്രീംകോടതി ജസ്റ്റിസും സ്ത്രീകളുടെ അവകാശങ്ങളുടെ വക്താവുമായിരുന്ന റൂത്ത് ബെയ്ഡർ ഗിൻസ്ബെർഗ് (87)അന്തരിച്ചു. മെറ്റാസ്റ്റാറ്റിക് പാൻക്രിയാറ്റിക് കാൻസർ ബാധിതയായിരുന്നു റൂത്ത്.
ചീഫ് ജസ്റ്റിസ് ജോൺ റോബർട്സ് റൂത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 'സുപ്രീം കോടതിയിൽ ഞങ്ങൾക്കൊരു സഹപ്രവർത്തകയെ നഷ്ടപ്പെട്ടു. ഞങ്ങൾ ദുഃഖിതരാണ്. എന്നാൽ ഭാവിതലമുറ അവരെ ഓർക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.' - അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയിലെ രണ്ടാമത്തെ വനിതാ ജസ്റ്റിസായിരുന്നു റൂത്ത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി കരുത്തോടെ നിലകൊണ്ടിരുന്ന റൂത്തിനെ സുപ്രീംകോടതിയുടെ ഫെമിനിസ്റ്റ് ബിംബമെന്നാണ് മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്.
ചെറുപ്പക്കാരായ വനിതകളുടെ പ്രിയപ്പെട്ടവളായിരുന്നു കോടതിയിലെ ജൂതമുത്തശ്ശി.
1999 മുതലാണ് കാൻസറുമായുളള റൂത്തിന്റെ പോരാട്ടം ആരംഭിക്കുന്നത്. 99ൽ കോളൻ കാൻസറിനെ അതിജീവിച്ച റൂത്ത് പത്തുവർഷത്തിന് ശേഷം പാൻക്രിയാറ്റിക് കാൻസറിനേയും അതിജീവിച്ചിരുന്നു. 2018ലാണ് ശ്വാസകോശത്തിൽ മുഴ കണ്ടെത്തുന്നത്. കഴിഞ്ഞ ജൂലായിൽ താൻ കീമോ തെറാപ്പിക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണെന്ന് റൂത്ത് അറിയിച്ചിരുന്നു.1993ലാണ് അന്ന് അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റനാണ് റൂത്തിനെ സുപ്രീംകോടതിയിൽ നിയമിക്കുന്നത്. റൂത്തിന്റെ മരണത്തിൽ അനുശോചനമറിയിച്ച ക്ലിന്റൺ തന്റെ പ്രതീക്ഷകളേക്കാൾ ഉയരത്തിലായിരുന്നു റൂത്തിന്റെ പ്രവർത്തനമെന്ന് ഓർമിച്ചു.അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കേയാണ് റൂത്തിന്റെ മരണം. റൂത്തിന്റെ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും നിയോഗിക്കേണ്ടതുണ്ടോ അതോ തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ആ പദവി ഒഴിഞ്ഞുകിടക്കണോയെന്ന് റിപ്പബ്ലിക്കന്റെ നേതൃത്വത്തിലുളള സെനറ്റാണ് തീരുമാനിക്കേണ്ടത്. പുതിയൊരു പ്രസിഡന്റ് ചുമതലയേൽക്കുന്നതുവരെ എന്റെ പദവിയിൽ മറ്റൊരാൾ നിയോഗിക്കപ്പെടരുതെന്നാണ് തന്റെ ആഗ്രഹമെന്ന് ഈ വർഷം ആദ്യം റൂത്ത് അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |