തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നയതന്ത്ര ബാഗേജ് ഏറ്റുവാങ്ങിയ യു.എ.ഇ കോൺസുലേറ്റ് പ്രതിനിധികളെ എന്തുകൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നില്ല എന്നത് ഗുരുതരപ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സാധാരണ ഗതിയിൽ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട നടപടികൾ അന്വേഷണസംഘമാണ് സ്വീകരിക്കേണ്ടത്. അതിന് അനുമതി ലഭിക്കാത്ത പ്രശ്നമുണ്ടെങ്കിൽ അവർ തന്നെ ഇടപെട്ട് അനുമതി നേടിയെടുക്കാൻ ശ്രമിക്കണം. ഒരു ഘട്ടത്തിൽ അന്വേഷണസംഘം ദുബായിൽ പോയെന്ന വാർത്തയുണ്ടായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാൻ കിട്ടിയില്ലെന്നും റിപ്പോർട്ടുണ്ട്. മറ്റ് അന്വേഷണവിവരങ്ങൾ തനിക്കറിയില്ല. അത് അന്വേഷിക്കാൻ പറ്റുന്നില്ലെങ്കിൽ അവരത് തുറന്നുപറയണം. ബാഗേജ് സ്വീകരിച്ചത് കോൺസുലേറ്റിൽ പെട്ടവരാണ് എന്നതിനാൽ സാധാരണഗതിയിൽ നാട് ആഗ്രഹിക്കുന്നത് അത്തരമാളുകളിൽ നിന്ന് തെളിവുകൾ സ്വീകരിക്കണമെന്ന് തന്നെയാണ്.കള്ളക്കടത്ത് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് താനാവശ്യപ്പെട്ടത് ശരിയാണ്. കാരണം ഇതുമായി ബന്ധപ്പെട്ട വിദേശത്തുള്ളവരെയടക്കം ചോദ്യം ചെയ്യണമെങ്കിൽ ഇത്തരമൊരു ഏജൻസി ആവശ്യമാണ്. ഇത്രയും നാളായിട്ടും എന്തുകൊണ്ട് ആ ചോദ്യം ചെയ്യലുണ്ടായില്ല എന്നതൊരു പ്രശ്നം തന്നെയാണ്. ആ നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്.തീവ്രവാദവുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്യുന്നത് പതിവുള്ളതാണ്. നേരത്തേ മുതലുണ്ടാകുന്ന ആലോചനകളുടെ ഭാഗമായിട്ടാണ് അത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഈന്തപ്പഴം ഇറക്കുമതി: സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടും
തിരുവനന്തപുരം: നികുതി ഒഴിവാക്കി നൽകാനുള്ള സർക്കാരിന്റെ സാക്ഷ്യപത്രത്തോടെ യു.എ.ഇയിൽ നിന്ന് 17,000കിലോ ഈന്തപ്പഴം കോൺസുലേറ്റ് ഇറക്കുമതി ചെയ്തതിൽ സംസ്ഥാന സർക്കാരിനോട് കസ്റ്റംസ് വിശദീകരണം തേടുംനികുതിയിളവോടെ നയതന്ത്ര ചാനലിലെത്തിക്കുന്ന സാധനങ്ങൾ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ മാത്രം ഉപയോഗത്തിനായിരിക്കണമെന്നാണ് നിയമം.എന്നാൽ, യു.എ.ഇ വാർഷികദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിലെയും ബഡ്‌സ് സ്കൂളുകളിലെയും 40,000 കുട്ടികൾക്ക് നൽകാനെന്ന പേരിലാണ് ഈന്തപ്പഴം എത്തിച്ചത്. 2017 മേയിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ കോൺസൽ ജനറലും സ്വപ്നയും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പൂജപ്പുര ചിൽഡ്രൻസ് ഹോമിലേതടക്കം വിദ്യാർഥികൾക്ക് ഈന്തപ്പഴം നൽകിയായിരുന്നു ഉദ്ഘാടനം. കോൺസുലേറ്റിലെത്തിയ വിശിഷ്ടാതിഥികൾക്കും സംസ്ഥാനത്തെ പല വി.ഐ.പികൾക്കും മുന്തിയ ഇനം ഈന്തപ്പഴം സ്വപ്നയുടെ നേതൃത്വത്തിൽ എത്തിച്ചെങ്കിലും കുട്ടികൾക്ക് നൽകിയില്ല. ഉന്നതരുമായി സൗഹൃദമുണ്ടാക്കാൻ യു.എ.ഇയുടെ സമ്മാനമെന്ന രീതിയിൽ ഇവ നൽകിയെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. പുറത്ത് വിതരണം ചെയ്താൽ കള്ളക്കടത്തായാണ് കസ്റ്റംസ് കണക്കാക്കുക. കോൺസുലേറ്റിന്റെ ആവശ്യത്തിനല്ലാതെ അസ്വാഭാവിക ഇറക്കുമതിയിലൂടെ ഈന്തപ്പഴമെത്തിച്ചതിൽ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |