അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കണ്ണൂർ: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്തമഴ ജില്ലയുടെ പലഭാഗങ്ങളിലും നാശം വിതച്ചു. തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലാണ് മഴയും കാറ്റും ഏറെനാശം വിതച്ചത്. തലശ്ശേരി താലൂക്കിൽ എട്ടും തളിപ്പറമ്പിൽ നാലും പയ്യന്നൂരിൽ രണ്ടും ഇരിട്ടിയിൽ ഒമ്പതും ഉൾപ്പെടെ 23 വീടുകൾ ഭാഗികമായി തകർന്നു.
ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 23 കുടുംബങ്ങളിൽ നിന്നായി 137 പേരെ മാറ്റി പാർപ്പിച്ചു. ഇതിൽ ആറ് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 പേരാണുള്ളത്. 78 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
തലശ്ശേരി കുട്ടിമാക്കൂലിനടുത്ത് വയലളം അന്തോളിമലയിൽ മണ്ണിടിഞ്ഞു. കുപ്പം പുഴ കരകവിഞ്ഞതിനെ തുടർന്ന് ചപ്പാരപ്പടവ് ടൗണിലെ കടകളിൽ വെള്ളം കയറി. താബോർ കുണിയൻ കല്ല് റോഡിൽ കല്ലു വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
മലയോരത്ത് പാലങ്ങൾ വെള്ളത്തിനടിയിൽ
ഇരിട്ടി: ഇരിട്ടിയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ബാരാപ്പോൾ, ബാവലിപ്പുഴകളിൽ നീരൊഴുക്ക് കൂടി. ഉളിക്കലിൽ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. ദുരന്തമുണ്ടാകുകയാണെങ്കിൽ നേരിടാനായി ഇരിട്ടി താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചയോടെ മഴയ്ക്ക് അൽപ്പം ശമനമുണ്ടായത് ജനങ്ങളിലും അധികൃതരിലും ആശ്വാസമുണ്ടാക്കിയിട്ടുണ്ട്.
ഉളിക്കൽ മേഖലയിൽ വയത്തൂർ പാലം വെള്ളത്തിനടിയിലായി. മണിക്കടവ്, മാട്ടറ ചപ്പാത്ത് പാലങ്ങളും വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.
മട്ടന്നൂർ മേഖലയിലും വ്യാപക നാശം
മട്ടന്നൂർ: ഞായറാഴ്ച ഉച്ചയ്ക്ക് വീശിയടിച്ച കനത്ത കാറ്റിൽ വ്യാപക കൃഷി നാശം. കോളാരി, പെരിഞ്ചേരി എന്നിവിടങ്ങളിൽ നേന്ത്രവാഴയ്ക്കാണ് കൂടുതൽ നാശമുണ്ടായത്. കോളാരിയിലെ പി പി സുധാകരന്റെ യും പ്രകാശന്റെയും കുലച്ചതും കുല വീഴാറായതുമായ വാഴകളാണ് നശിച്ചത്. വിവിധ പ്രദേശങ്ങളിൽ നെൽകൃഷി വെള്ളം കയറി നശിച്ചു.
കാരയിൽ വിമാനത്താവള പദ്ധതി പ്രദേശത്തു നിന്നും വെള്ളം ഒഴുകിയെത്തി വ്യാപക നാശമുണ്ടായി. കാര ഒതയോത്ത് മേഖലയിൽ വീടുകളിൽ വെള്ളം കയറി. വെങ്ങലോട് മേഖലയിലെ രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ ഉരുവച്ചാലിൽ കുന്നിടിഞ്ഞു. ഉരുവച്ചാൽ - തലശേരി റോഡിൽ പെട്രോൾ പമ്പ് നിർമിക്കാനായി മണ്ണുനീക്കിയ കൂറ്റൻ കുന്നാണ് ഇടിഞ്ഞു താഴ്ന്നത്. പെട്രോൾ പമ്പിനായി സ്ഥാപിച്ച ടാങ്കുകൾ ഉൾപ്പെടെ മണ്ണിനടിയിലായി. കഴിഞ്ഞ വർഷമാണ് പെട്രോൾ പമ്പ് നിർമിക്കുന്നതിനായി കൂറ്റൻ കുന്നിടിച്ച് നിരപ്പാക്കിയത്. കാരയിലെ കെ. ഇബ്രാഹിം, കെ. അസീസ് എന്നവരുടെ വീട്ടുമതിൽ തകർന്നത് വീടിനു ഭീഷണിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |