മാനന്തവാടി: മാനന്തവാടി വ്യാപാര ഭവനിൽ ഊരുമൂപ്പൻ കൗൺസിൽ യോഗം ചേർന്നു.
സർക്കാർ പുറംതള്ളിയ അതിദരിദ്രരുടെ കൂട്ടായ്മ ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ചാണ്ടി ഉമ്മൻ എം.എൽ.എ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ബി.വി. ബോളൻ അദ്ധ്യക്ഷത വഹിച്ചു. കമ്യൂണിസ്റ്റ് സർക്കാർ കോർപ്പറേറ്റ് നയങ്ങൾ രൂപവത്കരിക്കാനും നടപ്പാക്കാനും മുൻകൈയെടുക്കുകയാണെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി. ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കു ഒരേക്കർ ഭൂമി നൽകണമെന്ന നിയമം എ.കെ. ആന്റണി സർക്കാർ പാസാക്കിയിട്ടും ഇന്നും ഒരുതുണ്ട്ഭൂമി പോലുമില്ലാത്ത ആദിവാസി കുടുംബങ്ങളുടെ ദൈന്യതയും കൂട്ടായ്മ ചർച്ച ചെയ്തു. അടുത്തിടെ കോൺഗ്രസിന്റെ അസോസിയേറ്റ് അംഗമായ മുത്തങ്ങ സമരനായിക സി.കെ. ജാനുവിന് ഊരുമൂപ്പൻ കൗൺസിൽ കൂട്ടായ്മയിൽ വിമർശിച്ചു. മുഖ്യപ്രഭാഷണം നടത്തിയ കർഷക കോൺഗ്രസ് ദേശീയ ഉപാദ്ധ്യക്ഷൻ പി.ടി. ജോണാണ് ജാനുവിനെ പേരെടുത്തു വിമർശിച്ചത്. ആദിവാസികളുടെ പേരുപറഞ്ഞ് നടക്കുന്ന സി.കെ. ജാനു കഴിഞ്ഞ പത്തുവർഷമായി ഈ വിഭാഗത്തിനായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോത്രവിഭാഗഗത്തിൽനിന്നു ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ബ്ലോക്ക് പഞ്ചായത്തംഗം ഉഷാ വിജയൻ, മാനന്തവാടി നഗരസഭാ കൗൺസിലർമാരായ കൗസല്യ അച്ചപ്പൻ, പ്രദീപൻ പിലാക്കാവ്, തിരുനെല്ലി ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ശ്രീജ ബാവലി, കെ.ബി. വൈശാഖ് എന്നിവരെ ആദരിച്ചു. അബ്ദുറഹ്മാൻ ഇളങ്ങോളി, . അമ്മിണി കെ. വയനാട്, മണിക്കുട്ടൻ പണിയൻ, പി.എസ്. മുരുകേശൻ, പാറക്കൽ ജോസ്, അഡ്വ. എൻ.കെ. വർഗീസ്, കമ്മന മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |