ന്യൂഡൽഹി: റാബി വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കുന്നതിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം ലോക്സഭയിൽ വ്യക്തമാക്കിയത്. 50 മുതൽ 300 രൂപവരെയാണ് താങ്ങുവില വർദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കാർഷിക ബില്ലുകൾ പാസാക്കിയതിന് പിന്നാലെ ഇത് നിയമമായാൽ താങ്ങുവില പ്രഖ്യാപിക്കുന്നത് അവസാനിക്കുമെന്ന് ഭയന്ന് കർഷകർ പ്രക്ഷോഭം നടത്തിയിരുന്നു. ഇതിന് തടയിടാനാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.
തിങ്കളാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇത് പ്രകാരം ഗോതമ്പിന്റെ താങ്ങുവില 50 രൂപ വർദ്ധിക്കും. ചനയുടേത് 250 രൂപയിലധികവും ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും വർദ്ധിക്കും. കടുകിന്റെ താങ്ങുവില 225 രൂപ കൂടും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വീറ്റിലൂടെയും ഇക്കാര്യം വ്യക്തമാക്കി.
"നമ്മുടെ കർഷകരുടെ ക്ഷേമത്തി വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനിക്കുന്നു. കർഷകസൗഹാർദ്ദപരമായ നിലപാടുകൾ സ്വീകരിക്കുന്നത് ഞങ്ങളുടെ ധർമ്മമാണ്. ഇതിന്റെ ഭാഗമായി ചരിത്രപരമായ ഒരു തീരുമാനം മന്ത്രിസഭ കെെക്കൊണ്ടു. രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കും." പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ അനായാസം വിറ്റഴിക്കാൻ അവസരം ഒരുക്കുന്നതാണ് പുതിയ ബില്ലെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. ഇത് വിപണിയിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്നും കർഷകർക്ക് ഉത്പന്നങ്ങൾ വാൾമാർട്ട് പോലെയുള്ള വൻകിടക്കാർക്ക് നേരിട്ട് വിൽക്കാൻ വഴി തെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകൾ സർക്കാരിനെതിരെ വലിയ പ്രക്ഷോഭമാണ് നടത്താനൊരുങ്ങുന്നത്. സെപ്റ്റംബർ 25 ന് രാജ്യവ്യാപകമായി പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |