ടെഹ്റാൻ: ജനുവരിയിൽ ബാഗ്ദാദിൽ ഡ്രോൺ ആക്രമണത്തിലൂടെ ഇറാൻ റെവലൂഷനറി ഗാർഡ് മേധാവി ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ. സുലൈമാനിയുടെ കൊലയാളികളെയും ഉത്തരവാദികളെയും ജീവനോടെ വിടില്ല. എന്നാൽ നിരപരാധികൾക്കെതിരെ യാതൊരു നടപടിയുമുണ്ടാവില്ലെന്നും റെവലൂഷനറി ഗാർഡ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലെ യു.എസ് അംബാസഡർ ലാനാ മാർക്കിനെ കൊലപ്പെടുത്താൻ അമേരിക്കയിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇറാൻ ലക്ഷ്യമിടുന്നതായി പേര് വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരമൊരു നടപടിയുണ്ടായാൽ ആയിരമിരട്ടി ശക്തിയിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ലാനാ മാർക്കിനെതിരെ വധ ഗൂഢാലോചന നടന്നതായി തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി അറിയിച്ചു.
''മിസ്റ്റർ ട്രംപ്, ഞങ്ങളുടെ മഹാനായ കമാൻഡറുടെ രക്തസാക്ഷിത്തത്തോടുള്ള പ്രതികാരം നിശ്ചയദാർഢ്യവും ഗൗരവമുള്ളതും യഥാർത്ഥവുമാണ്, പക്ഷേ ഞങ്ങൾ മാന്യരാണ്, നീതിയോട് കൂടി മാത്രമേ പ്രതികാരം ചെയ്യൂ. ഞങ്ങളുടെ രക്തസാക്ഷി സഹോദരന്റെ രക്തത്തിനായി ദക്ഷിണാഫ്രിക്കയിലെ ഒരു വനിതാ അംബാസഡറെ ആക്രമിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? മഹാനായ ആ മനുഷ്യന്റെ രക്തസാക്ഷിത്തത്തിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളായവരെ മാത്രമേ ലക്ഷ്യം വയ്ക്കൂ. '-' മേജർ ജനറൽ ഹുസൈൻ സലാമി പറഞ്ഞു.
ജനുവരിയിൽ അമേരിക്കൻ ആക്രമണത്തിൽ ഖാസിം സുലൈമാനിക്കൊപ്പം ഇറാഖി കമാൻഡർ അബു മഹ്ദി അൽ മുഹദ്ദിസും കൊല്ലപ്പെട്ടിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇറാൻ ഇറാഖിലെ അമേരിക്കൻ താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു.