കാസർകോട് : തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ യുവാവിന് പ്രണയം തലയ്ക്കു പിടിച്ചത് സുന്ദരിയായ 18 കാരിയുടെ ചിത്രം കണ്ടിട്ട്. സുഹൃത്തിനൊപ്പം 300 കിലോമീറ്റർ ബൈക്കിൽ പറക്കുമ്പോൾ ആ ചിത്രമായിരുന്നു മനസിൽ. ബേക്കൽ കോട്ടയിൽ എത്തി സംസാരിച്ചുറപ്പിച്ച ശേഷം പെൺകുട്ടിയുമായി നാട്ടിലേക്ക് പറക്കുകയായിരുന്നു ലക്ഷ്യം. വെൽഡിംഗ് തൊഴിലാളിയായ ഒല്ലൂരിലെ 24 കാരനെ ട്രാപ്പിൽ വീഴ്ത്താൻ തങ്ങളുടെ സംഘത്തിൽപ്പെട്ട 18 കാരിയുടെ പടമാണ് വാട്സാപ്പിലും ഫെയ്‌സ്ബുക്കിലും 53 കാരി അയച്ചുകൊടുത്തത്. അതുകണ്ട് മതിമറന്ന യുവാവ് 9 മാസം ചാറ്റ് ചെയ്തു. മനംമയക്കുന്ന വാക്കുകളാണ് കുമ്പളയിലെ സ്ത്രീ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നത്. ബേക്കൽ കോട്ടയ്ക്ക് സമീപം പ്രത്യക്ഷപ്പെട്ട സ്ത്രീ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു പണവും പിടുങ്ങിയിരുന്നു. കബളിപ്പിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞപ്പോൾ പണം തിരിച്ചു കിട്ടാനാണ് യുവാവ് കത്തി വീശിയത്. ഇയാളുമായി രാവും പകലും ചാറ്റിംഗ് ഉഷാറാക്കിയ സ്ത്രീ വാട്സ്ആപ് കോളിന് തയ്യാറായിരുന്നില്ലെന്ന് പ്രണയ നാടകത്തിന്റെ 'ക്ളൈമാക്സ്' രംഗങ്ങൾ കൈകാര്യം ചെയ്ത ബേക്കൽ എസ്.ഐ പി. അജിത് കുമാർ പറഞ്ഞു.
കാസർകോട്, കുമ്പള ഭാഗങ്ങളിലെ ഹണി ട്രാപ്പ് സംഘത്തിൽപ്പെട്ട സ്ത്രീ തന്നെയാണ് ഇവരെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. വൻതോക്കുകളെ പോലെ ലക്ഷങ്ങൾ വാങ്ങിക്കാനൊന്നും ശേഷിയില്ല. ചതിയിൽപ്പെടുത്തി 50,000 രൂപവരെ വാങ്ങാനുള്ള കപ്പാസിറ്റിയേ ഈ സ്ത്രീക്ക് ഉള്ളൂ എന്നാണ് പൊലീസ് പറയുന്നത്. കുമ്പളയിൽ പൊലീസ് അന്വേഷിക്കുന്ന ഒരു കേസിലും മറ്റൊരു സ്വകാര്യവ്യക്തി കുടുങ്ങിയ കേസിലും ഈ 53 കാരി ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. സ്ത്രീയുടെ ഫോൺ കാളുകൾ പരിശോധിച്ചുവരികയാണ്. ചാറ്റ് ചെയ്തും ഫോട്ടോ നൽകിയും ഒപ്പം നിറുത്തി ഫോട്ടോയും വീഡിയോയും എടുത്തും ഭീഷണിപ്പെടുത്തിയാണ് ഹണി ട്രാപ്പ് സംഘം പണം തട്ടുന്നത്. മാനഹാനി ഭയന്ന് പുറത്തുപറയാതെ 'ഇരകൾ' തടിതപ്പുകയാണ് പതിവ്. കാസർകോട്ടെ ഒരു റവന്യൂ ജീവനക്കാരൻ ഹണി ട്രാപ്പിൽ അകപ്പെട്ടശേഷം 15,000 രൂപ നൽകിയാണ് രക്ഷപെട്ടത്. ഉപ്പളയിലെ മൊബൈൽ ഷോപ്പ് ഉടമയെ കാസർകോട് ചൗക്കിയിലെ 33 കാരി വീട്ടിലേക്ക് വിളിച്ചുവരുത്തി ഒപ്പം നിറുത്തി ഫോട്ടോ എടുത്ത് 20 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചത് അടുത്തകാലത്താണ്. ഈ യുവതിയുടെ സംഘവുമായി കുമ്പളയിലെ സ്ത്രീക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |