കോട്ടയം: ചുരുങ്ങിയ കാലംകൊണ്ട് അഫ്സൽ നേടിയത് ഒരു കോടിയിലധികം രൂപയുടെ സമ്പത്ത്. കാണക്കാണെ ആഡംബര വീടും കാറുമൊക്കെ സ്വന്തമാക്കി. കോഴിഫാം നടത്തിയാൽ ഇത്രയൊക്കെ സമ്പത്ത് ഉണ്ടാക്കാനാവുമോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. പക്ഷേ, അതിന് പിന്നിൽ അഫ് സലിന്റെ കഠിനാദ്ധ്വാനമാണെന്ന് കരുതി പലരും അഭിമാനംകൊണ്ടു. ആരും അഫ്സലിനെ സംശയിച്ചതുമില്ല. പക്ഷേ, പോകെപ്പോകെ സംഗതിയുടെ ഗുട്ടൻസ് നാട്ടിൽ പാട്ടായിത്തുടങ്ങി. അഫ്സൽ നടത്തിയത് കോഴിക്കച്ചവടമായിരുന്നില്ല, കഞ്ചാവ് കച്ചവടമായിരുന്നു. മാസങ്ങൾകൊണ്ട് ആഡംബര കാറും വീടുമൊക്കെ സ്വന്തമാക്കിയ അഫ്സലിന്റ തനിനിറം പുറത്തായത് കാഞ്ഞിരപ്പള്ളി പൊലീസ് കോഴിഫാമിൽ റെയ്‌ഡ് നടത്തി നാലു കിലോ കഞ്ചാവ് പിടികൂടിയതോടെയാണ്.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന് ലഭിച്ച രഹസ്യ സന്ദേശത്തിൽ നിന്നായിരുന്നു അന്വേഷണം. ആഴ്ചതോറും കിലോക്കണക്കിന് കഞ്ചാവ് കമ്പത്തുനിന്നും എത്തിച്ച് വിതരണം ചെയ്തിരുന്ന അഫ്സലിനെക്കുറിച്ച് സൂചന ലഭിച്ചതും അങ്ങനെയാണ്. രണ്ടാഴ്ചയായി കാഞ്ഞിരപ്പള്ളി പൊലീസ് അഫ്സലിന്റെ പിന്നാലെയായിരുന്നു. കാഞ്ഞിരപ്പള്ളി പാറക്കടവിൽ കണ്ടത്തിൽ അഫ്സലിനെ (25) കൂടാതെ പാറക്കടവ് ആനിക്കപ്പറമ്പിൽ ബാസിദ് (19), കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ അശ്വതി ഭവനിൽ അനന്തു (20), പാറക്കടവ് ആനിക്കപ്പറമ്പിൽ സാബിദ് (20) എന്നിവരും പിടിയിലായി.
കോഴിഫാം വെറുമൊരു മറ
കോഴിഫാമിന്റെ മറവിലാണ് അഫ്സൽ കഞ്ചാവ് വില്പന നടത്തിയിരുന്നത്. നാട്ടുകാർക്ക് സംശയം തോന്നാതിരിക്കാനായിരുന്നു അത്. ഫാമിൽ കഞ്ചാവ് സൂക്ഷിക്കാൻ ഇയാൾ വളർത്തിയത് നാല് റോട്ട് വീലർ നായ്ക്കളെയാണ്. പ്രത്യേക പരിശീലനം നല്കിയാണ് ഇവയെ ഫാമിൽ സൂക്ഷിച്ചിരുന്നത്. കോഴി ഫാമിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ് നായ്ക്കളെ വളർത്തുന്നത് എന്നാണ് പറഞ്ഞിരുന്നത്. അപരിചിതർ ഫാമിൽ വന്നാൽ നായ്ക്കൾ കടിച്ചുകീറും. ഒരു ഈച്ചയെപ്പോലും ഫാമിലേക്ക് കടത്തിവിടില്ല. അതിനാൽ, അവിടെ കഞ്ചാവ് വിൽപ്പനയാണ് നടക്കുന്നതെന്ന് ആരും അറിഞ്ഞതുമില്ല.
പൊലീസിനെ തടയാൻ
നായ്ക്കളെ തുറന്നുവിട്ടു
കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ സോൾജിമോനും സംഘവും ഫാമിലെത്തിയപ്പോൾ നായ്ക്കളെ കൂട്ടിൽനിന്നും ഇറക്കിവിട്ടു. പക്ഷേ, പൊലീസിന്റെ ചടുലനീക്കത്തിൽ നിമിഷങ്ങൾക്കുള്ളിൽ അഫ്സലിനെ പിടികൂടി മുറിയ്ക്കുള്ളിൽ കയറി കതകടച്ചു. അതിനാൽ നായ്ക്കളുടെ ആക്രമണമേൽക്കാതെ പൊലീസ് രക്ഷപ്പെട്ടു.
ഫാമിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നതും വളരെ തന്ത്രപരമായിട്ടായിരുന്നു. പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിൽ നാലും അഞ്ചും കിലോ കഞ്ചാവ് നിറയ്ക്കും. വെള്ളം ഇറങ്ങാത്ത രീതിയിലാക്കി വലിയ കുഴിയിൽ ഇറക്കിവയ്ക്കും. വീണ്ടും പ്ലാസ്റ്റിക് ചാക്കിട്ട് മൂടും. അതിനുമുകളിൽ കുറച്ച് മണ്ണിടും. തുടർന്ന് കരിയില മണ്ണിനുമുകളിൽ വിതറും. തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് എത്തിയാൽ ഒന്നോ രണ്ടോകിലോ മാറ്റിവയ്ക്കും. ഇത് ചെറുപൊതികളാക്കും. ബാക്കിയുള്ളതാണ് വീപ്പയിൽ സൂക്ഷിക്കുന്നത്. വിശ്വസ്തരായവർക്ക് മാത്രമേ അഫ്സൽ കഞ്ചാവ് നൽകൂ. പിടിയിലായ ബാസിദും അനന്തുവും കൂടാതെ അഫ്സലിന് പന്ത്രണ്ട് വിതരണക്കാരുമുണ്ടെന്നാണ് അറിയുന്നത്.
തമിഴ്നാട്ടിൽ നിന്നെത്തിക്കും
ചെറുപൊതികളാക്കും
അഫ്സൽ കഞ്ചാവ് എത്തിച്ചിരുന്നത് തമിഴ്നാട്ടിലെ കമ്പത്തുനിന്നായിരുന്നു. സാബിദിനെയാണ് കഞ്ചാവ് എത്തിക്കാൻ അഫ്സൽ നിയോഗിച്ചിരുന്നത്. ആഴ്ചയിൽ അഞ്ച് കിലോ കഞ്ചാവാണ് ഇയാൾ കോഴിഫാമിൽ എത്തിച്ചിരുന്നത്. ഇത് ചെറുപൊതികളാക്കിയിരുന്നതും ഫാമിൽതന്നെയായിരുന്നു. ഒരു ചെറിയപൊതിക്ക് 500 രൂപയാണ് വില. ഒരു കിലോ കഞ്ചാവ് 12,000രൂപയ്ക്കാണ് വാങ്ങുന്നത്. ചെറു പൊതികളാക്കുമ്പോൾ അഫ്സലിന്റെ കൈകളിലെത്തുന്നത് രണ്ടു ലക്ഷത്തോളം രൂപയാണ്.
വിതരണത്തിനും പ്രത്യേക സംവിധാനമാണുള്ളത്. ബാസിദും അനന്തുവുമാണ് കഞ്ചാവ് വിതരണം ചെയ്യുന്നവരിൽ പ്രമുഖർ. ഇവർക്ക് വിതരണത്തിനായി ഓട്ടോറിക്ഷകളും അഫ്സൽ വാങ്ങി നല്കിയിരുന്നു. കാഞ്ഞിരപ്പള്ളി 26ാം മൈൽ, ആനക്കല്ല് ഭാഗങ്ങളിലാണ് കൂടുതലായും കഞ്ചാവ് വിതരണം. കൂടാതെ മുണ്ടക്കയം, പൊൻകുന്നം എന്നിവിടങ്ങളിലും അഫ്സലിന്റെ സംഘം കഞ്ചാവ് എത്തിച്ച് വിതരണം ചെയ്തിരുന്നു. പൊൻകുന്നം എസ്.എച്ച്.ഒ എസ്.ഷിഹാബുദ്ദീൻ, മുകേഷ്, ഷിബു, പ്രദീപ്, സ്ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ബി.നായർ, കെ.ആർ അജയകുമാർ, തോംസൺ, മാത്യു, എസ്.അരുൺ, വി.കെ അനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |