തിരുവനന്തപുരം: ഖുറാന്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഖുറാനെ തൊട്ട് പൊള്ളി നിൽക്കുന്നത് കൊണ്ടാണ് പ്രതിപക്ഷം ഇങ്ങനെ ഒരോന്ന് പറയുന്നതെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ലീഗ് ഉൾപ്പെടെയാണ് സ്വർണക്കടത്ത് വിവാദത്തിൽ ഖുറാനെ പ്രചരണവിഷയമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഖുറാൻ കൊണ്ടുവന്നത് ശരിയായ മാർഗത്തിലാണ്. നിങ്ങൾ സ്വർണക്കടത്തിന് പിന്നാലെ ചെല്ലൂ, എന്തിനാണ് ഖുറാന്റെ പിന്നാലെ പോകുന്നത്? ഖുറാൻ എന്ത് പിഴച്ചുവെന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വർണ്ണക്കടത്തു കേസിൽ ജലീലിനെ രക്ഷിക്കാൻ സർക്കാർ വർഗീയത പറഞ്ഞുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദേശീയ സുരക്ഷാ ഏജൻസിയും ( എൻ.ഐ.എ) ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധ സമരങ്ങളാണ് സംസ്ഥാനത്ത് നടത്തിവരുന്നത്. ഇതിനിടെയാണ് ഖുറാന്റെ മറവിൽ മന്ത്രി സ്വർണക്കടത്തു നടത്തിയെന്ന ആരോപണം ലീഗ് ഉൾപ്പെടെയുളള പ്രതിപക്ഷ സംഘടനകൾ ഉയർത്തിയത് . സി.പി.എം ഖുറാന്റെ മറവിൽ രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ സി.പി.എമ്മും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |