ദുബായ്: അടിവയറ്റിലെ വലിയ വീക്കവും തുടർച്ചയായ വേദനയും സഹിക്കാനാവാതെ ആശുപത്രിയിലെത്തിയ യുവതി പരിശോധനാ ഫലം കണ്ട് ഞെട്ടി. യുവതിയുടെ ഗർഭപാത്രത്തിൽ രൂപപ്പെട്ട ആറ് കിലോ ഭാരമുള്ള ഭീമൻ മുഴയായിരുന്നു വേദനയ്ക്ക് കാരണം. തുടർച്ചയായി നടത്തിയ റേഡിയോളജിക്കൽ പരിശോധനയിലൂടെയാണ് വേദനയ്ക്ക് കാരണം മുഴയാണെന്ന് കണ്ടെത്തിയത്. ഒടുവിൽ അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ മുഴ പുറത്തെടുക്കുകയും ചെയ്തു.
ഷാർജയിൽ 28 വയസുള്ള യുവതിയുടെ ഗർഭപാത്രത്തിൽ നിന്നാണ് കൂറ്റൻ മുഴ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഒഫ് ഷാർജയിലെ ഡോ. പ്രൊഫസർ മുഹമ്മദ് സയ്യീദിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. യുവതിയ്ക്ക് നടക്കാൻ ബുദ്ധിമുട്ടും ദഹനപ്രശ്നങ്ങളും ഉണ്ടായിരുന്നു.
യു.എ.ഇയിലെ തന്നെ വിവിധ ആശുപത്രികളിൽ യുവതി ചികിത്സ തേടിയിരുന്നെങ്കിലും വേദനയ്ക്ക് ശമനമില്ലാതായതോടെയാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഒഫ് ഷാർജയിലെത്തിയത്. ഗർഭാശയവും അണ്ഡാശയവും നീക്കം ചെയ്യുന്നതിന് വരെ കാരണമായേക്കാവുന്ന മാരക ട്യൂമർ ആകാനുള്ള സാദ്ധ്യത മുൻനിറുത്തി പല ആശുപത്രികളും ശസ്ത്രക്രിയ നടത്തുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്നു.
എന്നാൽ ഇപ്പോൾ യുവതിയുടെ ഗർഭാശയത്തിനും അണ്ഡാശയത്തിനും പൂർണ സംരക്ഷണം നൽകിക്കൊണ്ടാണ് ശസ്ത്രക്രിയ നടന്നിരിക്കുന്നത്. അതീവ സങ്കീർണമായ ലാപറോട്ടമി ശസ്ത്രക്രിയയിലൂടെയാണ് ആറ് കിലോ ഭാരമുള്ള ഗർഭാശയ മുഴയെ ഡോക്ടർമാർ നീക്കം ചെയ്തത്. അപകട സാദ്ധ്യത വളരെ ഏറെ ആയിരുന്നെങ്കിലും പ്രഗത്ഭരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയ യാതോരു തടസവുമില്ലാതെ വിജയിക്കുകയായിരുന്നു. ശസ്ത്രക്രിയ്ക്ക് ശേഷം യുവതി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |