പെൺകരുത്തായി ദാദി മുത്തശ്ശി
ന്യൂഡൽഹി: ലോകത്തെ ഏറ്റവും കരുത്തുറ്റ വ്യക്തികളിൽ, ഷഹീൻബാഗിൽ പ്രായം മറന്ന് സമരാഗ്നിയായി ജ്വലിച്ച എൺപത്തിരണ്ടുകാരി ബിൽകീസും! ടൈം മാഗസിൽ പ്രസിദ്ധീകരിച്ച, ലോകത്തെ ഏറ്രവും സ്വാധീനിച്ച 2019 ലെ നൂറു വ്യക്തികളുടെ പട്ടികയിലാണ് ബിൽകീസിന്റെ പോരാട്ടവീര്യവും ഇടംപിടിച്ചത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറിൽ ഷബീൽ ബാഗിൽ ഒത്തുകൂടിയ സ്ത്രീകളിൽ സമരവീര്യം ജ്വലിപ്പിച്ച 'ദാദി' അന്ന് വാർത്താശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ, പ്രൊഫ. രവീന്ദ്ര ഗുപ്ത തുടങ്ങിയവരും പട്ടികയിൽ ഇന്ത്യക്കാരായുണ്ട്.
മുമ്പൻ മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ടൈം മാഗസിന്റെ കരുത്തുറ്റ വ്യക്തികളിൽ സ്ഥാനം നേടിയ ഇന്ത്യക്കാരിൽ മുമ്പൻ. ഇന്ത്യയിൽ, രാഷ്ട്രീയരംഗത്തു നിന്ന് പട്ടികയിൽ ഉൾപ്പെട്ട ഏക വ്യക്തിയും മോദി തന്നെ. മോദിയുടെ അടുത്ത സുഹൃത്തു കൂടിയായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പട്ടികയിലുണ്ട്. യു.എസിൽ നിന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ, ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ എന്നിവരും പട്ടികയിലുണ്ട്.
ശിവാംഗിയുടെ കരുത്തിൽ റാഫേൽ പറക്കും
അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രണിന്റെ ഭാഗമായ റാഫേൽ യുദ്ധ വിമാനങ്ങൾ പറത്തി ചരിത്രം കുറിക്കാനൊരുങ്ങുകയാണ് വ്യോമസേനയിലെ വനിതാ പൈലറ്റ് ഫ്ളൈറ്റ് ലെഫ്റ്റനന്റ് ശിവാംഗി സിംഗ്. അംബാലയിൽ പരിശീലനം തുടങ്ങിയ ശിവാംഗി വൈകാതെ ഗോൾഡൻ ആരോസ് ടീമിന്റെ ഭാഗമാകും. സേനയിലെ പത്ത് വനിതാ പൈലറ്റുമാരിൽ നിന്ന് കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ശിവാംഗിയെ തിരഞ്ഞെടുത്തത്.2017 വനിതാ പൈലറ്റ് ബാച്ച് അംഗമായ ശിവാംഗി യു.പി വാരാണസി സ്വദേശിയാണ്. ബനാറസ് ഹിന്ദു സർവകലാശാലയിലെ പഠനത്തിന് ശേഷം 2016ലാണ് ശിവാംഗി എയർഫോഴ്സ് അക്കാഡമിയിലെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |