ദുബായ്: 'കടലിന്നടിത്തട്ടിൽ, വമ്പൻ സ്രാവുകളെയും ഭംഗിയുള്ള നക്ഷത്രമത്സ്യങ്ങളെയും കണ്ട് സ്വകാര്യത ഉറപ്പുള്ള ബാത്ത് റൂമിൽ ഒരു കുളി പാസാക്കിയാലോ.?. എന്തൊരു അടിപൊളിയായിരിക്കുമല്ലേ.
പക്ഷേ, സിമ്പിൾ ഒരു കുളിക്ക് വില 15 ലക്ഷത്തോളം രൂപ!
വിശ്വാസമാകുന്നില്ലേ, സംഗതി സത്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ആഢംബര ബാത്റൂം എന്ന് അറിയപ്പെടുന്ന ദുബായിയിലെ പാം ജുമൈറ ദ്വീപിലുള്ള അണ്ടർ സീ റിസോർട്ടിലെ ബാത്റൂമിലെ കുളിയുടെ ഫീസാണിത്.
ഈന്തപ്പനയുടെ ആകൃതിയിൽ കടൽ നികത്തി ദുബായിൽ ഉണ്ടാക്കിയിരിക്കുന്ന മൂന്നു കൃതിമദ്വീപുകളിൽ ഒന്നാണ് പാം ജുമൈറ. ഫാൻ ഉർദ്ദ് ഡ്രെഡ്ജിംഗ് എന്ന ഡച്ച് കമ്പനിയാണ് ദ്വീപ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ, കടലിനടിയിൽ നിർമിച്ച റിസോർട്ടിലാണ് ഈ അത്യാഢംബര കുളിമുറിയുള്ളത്. മൂന്നു നിലകളിൽ ഒരുക്കിയിട്ടുള്ള പോസിഡോൺ സ്യൂട്ടിലെ ഈ ബാത്ത്റൂമിന്റെ മേൽക്കൂരയും ഒരു വശത്തെ ഭിത്തിയും ചില്ലു കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അതിനാൽ തന്നെ സമുദ്രത്തിലൂടെ നീന്തി നടക്കുന്ന മത്സ്യങ്ങളും മറ്റ് കടൽ ജീവികളും നമുക്ക് ചുറ്റും വട്ടമിടുന്നത് കാണാം.
സന്ദർശകർക്ക് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ ആഡംബര കുളി സമ്മാനിക്കുന്നത്. വിനോദത്തിനൊപ്പം സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കടലിന്റെ അടിയിൽ സുരക്ഷിതരായിരിക്കുന്നതിനും കടൽക്കാഴ്ചകൾ കാണാൻ അവസരം ഒരുക്കുന്നതിനുമുള്ള ചെലവുകൾ ഉൾപ്പെടുത്തിയാണ് ഇവിടെ ഫീസ് നിശ്ചയിക്കുന്നത്. സ്യൂട്ടിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ ബാത്ത്റൂം ഉപയോഗിക്കാനാകൂ. റിസോർട്ടിലെ ഒരു ദിവസത്തെ താമസവും ചേർത്താണ് ഫീസ് ഇടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |