തിരുവനന്തപുരം : ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിയമനം കാത്തുനിൽക്കെ, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ കേരളയിലെ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോംഗ് എഡ്യൂക്കേഷൻ കേരള) 55 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം അന്തിമഘട്ടത്തിൽ.
സ്ഥിരം നിയമനങ്ങൾക്കായി സർക്കാർ തയ്യാറാക്കിയ സർവീസ് റൂൾസിന് ബുധനാഴ്ച ചേർന്ന എക്‌സിക്യൂട്ടീവ്, ജനറൽ കൗൺസിൽ യോഗങ്ങൾ അംഗീകാരം നൽകി. വിഷയം അടുത്ത മന്ത്രിസഭായോഗത്തിൻെറ പരിഗണയ്ക്കെത്തും. . കരാർ ജീവനക്കാരെല്ലാം ഇടതുപക്ഷ നേതാക്കൾക്ക് വേണ്ടപ്പെട്ടവാരാണെന്ന വിവരം വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
2019 ആഗസ്റ്റ് 20നാണ് സ്കോൾ കേരളയിൽ 84 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായത്. എന്നാൽ നിയമനം പി.എസ്.സിയ്ക്ക് വിട്ടില്ല. ഇത് ചോദ്യം ചെയ്ത് ചില സംഘടകൾ ഹൈക്കോടതി
യിലെത്തിയതോടെയാണ് , സർവീസ് റൂൾസ് തയ്യാറാക്കാൻ നിയമവകുപ്പ് മുൻ സ്‌പെഷ്യൽ സെക്രട്ടറി ജ്യോതിചൂഡനെ കൺസൾട്ടൻറിനെ നിയമിച്ചത്. ഓഫീസ് അസിസ്റ്റൻറ് മുതലുള്ള തസ്തികകളിലേക്കാണ് നിയമനം .
ഇഷ്ടക്കാരുടെ താവളം
ഹയർ സെക്കൻഡറി ക്ലാസുകൾ റഗുലറായി സ്കൂളിൽ പോയി പഠിക്കാൻ കഴിയാത്ത കുട്ടികൾക്കായി 1999ൽ സ്ഥാപിച്ച ഓപ്പൺ സ്ക്കൂൾ സംവിധാനം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൻെറ കാലത്താണ് സ്കോൾ കേരളയായി മാറ്റിയത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കരാറുകാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. ഇതോടെ, എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കയറിയവർ പുറത്തായി. ഈ സർക്കാർ വീണ്ടും തിരിച്ചെടുത്തവരെയാണ് സ്ഥിരപ്പെടുത്തുന്നത്. നിലവിൽ കരാറുകാർക്ക് പരമാവധി 20,000 രൂപയാണ് ശമ്പളം സ്ഥിരപ്പെടുത്തുന്നതോടെ ഇത് ഇരട്ടിയിലധികമാകും.
'അർഹതയുള്ള എല്ലാജീവനക്കാരെയും പരിഗണിക്കാതെ ,ഒരുവിഭാഗത്തെ മാത്രം പിൻവാതിലിലൂടെ സ്ഥിരപ്പെടുത്തുന്നത് കോടതി അലക്ഷ്യമാണ്.'
- ഒ.ഷൗക്കത്തലി, സ്കോൾ കേരള
മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |