കൊല്ലം: ഉപതിരഞ്ഞെടുപ്പ് ഇങ്ങ് ചവറയിലാണെങ്കിലും അതിന്റെ ആവേശം മുഴുവൻ അറബി നാട്ടിലാണ്. കൊവിഡ് വ്യാപനത്തിന്റെ ആശങ്കയ്ക്കിടയിലും പ്രവാസികൾ രാഷ്ട്രീയ ചർച്ചകളിൽ സജീവമാണ്. ചവറയിലെ വിവിധ ജീവകാരുണ്യ വിഷയങ്ങളിൽ വർഷങ്ങളായി പ്രവാസി കൂട്ടായ്‌മകൾ നടത്തുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. ചവറയിലെ പ്രവാസികൾക്കിടയിൽ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക കൂട്ടായ്‌മകളുണ്ട്. നാട്ടിൽ നടക്കുന്ന എല്ലാ വിഷയങ്ങളും ഇവരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ചർച്ചയാകും. മുമ്പ് എല്ലാ ആഴ്ചയിലും വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സെമിനാറുകളും പ്രഭാഷണങ്ങളും വരെ ഇവർ നടത്തിയിരുന്നു. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും ഇവരുടെ വാട്ട്സ് ആപ്പ് ചർച്ചകൾക്കെത്തിയിട്ടുണ്ട്.
ചവറയിലെ രാഷ്ട്രീയ വിഷയങ്ങളിൽ ഏറക്കുറേ ആദ്യത്തെ പ്രതികരണവും പ്രതിരോധവും രൂപം കൊള്ളുന്നത് ഇത്തരം ഗ്രൂപ്പുകളിലാണ് . ഉപതിരഞ്ഞെടുപ്പ് ആവേശം വന്നതോടെ കൃത്യമായ രാഷ്ട്രീയവും വികസനവും പറഞ്ഞ് പൊളിറ്റിക്കൽ കാമ്പയിന് തുടക്കമിടാനും ഇവർക്കായി. പലരും തിരഞ്ഞെടുപ്പ് ആവേശം കയറി അവധി സംഘടിപ്പിച്ച് വോട്ട് പിടിക്കാനും വോട്ട് ചെയ്യാനുമായി നാട്ടിലെത്താറുമുണ്ട്. ആശയ പോരാട്ടങ്ങൾക്ക് പ്രവാസി കൂട്ടായ്മകൾ നവമാദ്ധ്യമ പ്ലാറ്റ്ഫോമുകളെയാണ് ഉപയോഗപ്പെടുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |