തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ അതിരൂക്ഷ കടലാക്രമണത്തിൽ തകർന്ന ശംഖുംമുഖം ബീച്ച് റോഡ് പുനർ നിർമ്മിക്കാൻ നടപടി. റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി ശംഖുംമുഖം റോഡ് പുനർനിർമാണത്തിനുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റിറ്റ്യൂട്ടിന്റെ ഡിസൈനിൽ 260 മീറ്റർ കോൺക്രീറ്റ് ഡയഫ്രം വാൾ ഒന്നാംഘട്ടമായി നിർമ്മിക്കും. ഇതിലേക്കായി ഭരണാനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ബീച്ച്‌റോഡിന്റെ സംരക്ഷണ ഭിത്തിയുടെയും റോഡിന്റെയും പുനർനിർമ്മാണ പ്രവൃത്തികൾ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തിരുന്നു.
ശംഖുംമുഖം ബീച്ചിൽ 2018ലും 2019ലും ഈ വർഷവും ഉണ്ടായ കടലേറ്റം മൂലം ബീച്ച് തന്നെ ഇല്ലാതായ അവസ്ഥയിലാണ്. സാധാരണ കടലാക്രമണം രൂക്ഷമാകുന്ന തീരങ്ങളിൽ കല്ലിട്ട് കടൽഭിത്തി നിർമ്മിക്കാറാണ് പതിവ്. അതിനു പിറകിൽ മൺചാക്കുകൾ നിറച്ച് വീണ്ടുമൊരു തട കൂടി സൃഷ്ടിക്കും. ഇവിടെ കരിങ്കല്ലും കമ്പിവലയും ഉപയോഗിച്ച് അടിസ്ഥാനം തീർത്ത അരഭിത്തിയും അതിനപ്പുറത്തെ ടാറിട്ട റോഡുമെല്ലാം കടൽവിഴുങ്ങുന്ന സ്ഥിതിയിലാണ്. ഇതോടെ പരമ്പരാഗത മാർഗങ്ങളെല്ലാം അടഞ്ഞ അവസ്ഥയായി. റോഡിന്റെ പുനർനിർമാണം ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ വേണമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് സർക്കാർ നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്.
റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഡയഫ്രം വാൾ
തീരറോഡിനെ കടലാക്രമണത്തിൽ നിന്നു സംരക്ഷിക്കുന്നതിന് നൂതന സാങ്കേതികവിദ്യയായ റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മിച്ച് ആങ്കർ ചെയ്‌ത് 260 മീറ്റർ നീളത്തിലും 50 സെന്റിമീറ്റർ കനത്തിലും 8 മീറ്റർ താഴ്ചയിലുമാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. ഇതോടൊപ്പം ഏഴര മീറ്റർ വീതിയുള്ള ഇരുവരിപ്പാതയും നിർമ്മിക്കും. നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു തരത്തിലുള്ള കടലാക്രമണവും റോഡിനെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധരുടെ വിശദീകരണം. ഊരാളുങ്കൽ ലേബർകോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണം.
നിർമ്മാണ സാമഗ്രികൾ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. പ്രവൃത്തികൾ ഉടനെ ആരംഭിക്കും. ബീച്ച് റോഡിന്റെ ഭിത്തിയുടെയും തകർന്ന റോഡിന്റെയും നിർമ്മാണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കും.
- പൊതുമരാമത്ത് വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |