ലക്‌നൗ: യു.പിയിലെ ഹാഥ്‌രസിൽ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിനിരയായി. ശരീരമാകസകലം പരിക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായതെന്നും ഉയർന്ന ജാതിയിൽപ്പെട്ട നാലുപേരാണ് പീഡിപ്പിച്ചതെന്നുമാണ് വിവരം
സെപ്തംബർ 14നായിരുന്നു സംഭവം. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം പൊലീസ് ആദ്യം സഹായിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെയാണ് കേസ് എടുത്തതെന്നും അവർ പറഞ്ഞു. എന്നാൽ, ഇത് പൊലീസ് നിഷേധിച്ചു.
യുവതിയുടെ ശരീരത്തിൽ നിരവധി ഒടിവുകളുണ്ടെന്നും നാവിന് മുറിവേറ്റിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്നും അവർ കൂട്ടിച്ചേർത്തു.
കൃഷിയിടത്തിൽ പുല്ല് മുറിക്കാൻ അമ്മയ്ക്കും സഹോദരനും ഒപ്പം പോയതായിരുന്നു പെൺകുട്ടി. പുല്ലുമായി സഹോദരൻ ആദ്യം വീട്ടിലേക്ക് മടങ്ങി. പെൺകുട്ടിയും അമ്മയും പുല്ല് മുറിക്കുന്നത് തുടർന്നു. തനിയെ പുല്ല് മുറിച്ച് കൊണ്ടിരുന്ന യുവതിയുടെ കഴുത്തിൽ അവൾ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കുരുക്കി പ്രതികൾ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ഇളയ സഹോദരൻ പറഞ്ഞു. ബോധരഹിതയായ നിലയിലാണ് അമ്മ പെൺകുട്ടിയെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |