കൊച്ചി: മന്ത്രിയുടെ മകനൊപ്പമുള്ള തന്റെ ചിത്രം കൃത്രിമമല്ലെന്നും, ദുബായിലെ ആഡംബര ഹോട്ടലിൽ നടത്തിയ സൗഹൃദ കൂട്ടായ്മയ്ക്കിടെ പകർത്തിയതാണെന്നും സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. കഴിഞ്ഞദിവസം എൻ.ഐ.എ ചോദ്യം ചെയ്തപ്പോഴാണ് ചിത്രം മൊർഫ് ചെയ്തതല്ലെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.
മന്ത്രി പുത്രനെ അന്ന് കണ്ടത് യാദൃച്ഛികമായിരുന്നെന്നും, ഫോട്ടോയെടുക്കുമ്പോൾ സ്വർണക്കടത്തു കേസിലെ പ്രതികളായ സരിത്തും സന്ദീപ് നായരും മന്ത്രിയുടെ മകന്റെ കൂടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായും സ്വപ്ന വ്യക്തമാക്കി. മന്ത്രി പുത്രനും സ്വപ്ന സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർ കൈപ്പറ്റിയ കമ്മിഷൻ തുകയിൽ ഒരുഭാഗം മന്ത്രിയുടെ മകന് കൈമാറിയെന്ന ആരോപണത്തെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസി ചോദിച്ചു. മന്ത്രിയുടെ മകനുമായി കമ്മിഷൻ ഇടപാടു നടന്നിട്ടില്ലെന്ന് സ്വപ്ന മൊഴി നൽകി.
ചിത്രം മോർഫ് ചെയ്തതാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പ്രതികരിച്ചത്. 'നിങ്ങൾ ഇങ്ങനെ ഓരോ കഥകളുണ്ടാക്കി, ഫോട്ടോകളുണ്ടാക്കി മോർഫിംഗ് നടത്തി പ്രചരിപ്പിക്കുകയാണ്. നിങ്ങൾ തന്നെ ഫോട്ടോയുമുണ്ടാക്കും, നിങ്ങൾ തന്നെ ചോദ്യവും ചോദിക്കും. മുഖ്യമന്ത്രിയുടെ അടുത്ത് സ്വപ്‌ന ഇങ്ങനെ നിൽക്കുന്ന മോർഫിംഗ് നിങ്ങൾ ഉണ്ടാക്കിയില്ലേ? ഇതിൽ ഏത് മോർഫിംഗാണ് ഇപ്പോൾ വിശ്വസിക്കാൻ പറ്റുക? മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സ്വപ്‌ന പങ്കെടുക്കുന്ന മോർഫിംഗ് ചിത്രം കണ്ടില്ലേ? ഇങ്ങനെ എന്തെല്ലാം മോർഫിംഗ് ചിത്രങ്ങളുണ്ടാക്കി നിങ്ങൾ ഇവിടെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇതൊക്കെ ആളുകൾ വിശ്വസിക്കുമെന്നാണോ ? ആർക്കെതിരെയാണ് ഇത്തരം മോർഫിംഗ് ചിത്രങ്ങൾ ഇങ്ങനെ ഉണ്ടാക്കി കൂടാത്തത്' എന്നായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടിയേരിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |