തിരുവനന്തപുരം: പതിനാല് മണിക്കൂറോളം ചികിത്സ നിഷേധിക്കപ്പെട്ടത് മൂലം ഗർഭിണി സ്‌ത്രീയുടെ ഇരട്ടകുട്ടികൾ മരണമടഞ്ഞ സംഭവത്തിലും മെഡിക്കൽ കോളേജിൽ മതിയായ ശ്രദ്ധ നൽകാത്തതിനാൽ രോഗിയെ പുഴുവരിച്ച സംഭവത്തിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിനുത്തരവാദി ആരോഗ്യ വകുപ്പാണെന്നും സംസ്ഥാനത്ത് ആരോഗ്യമേഖല താറുമാറായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കൊവിഡ് തുടങ്ങിയത് മുതൽ ചികിത്സ ലഭിക്കാതെ നിരവധി മരണങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ട്. ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാണെന്നതിന്റെ ഉദാഹരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം. കൊവിഡ് രോഗികളോടുളള സർക്കാരിന്റെ സമീപനം ഇതിൽ നിന്നും മനസ്സിലാക്കാമെന്ന് സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് രോഗികളെ താമസിപ്പിക്കാനും മറ്റ് രോഗികൾക്ക് ചികിത്സ കൊടുക്കാനുമുളള സംവിധാനം ഒരുക്കാൻ ആരോഗ്യവകുപ്പ് പൂർണപരാജയമാണ്. ആലപ്പുഴയിൽ താലൂക്ക് ആശുപത്രിയിൽ യുവതിയുടെ മൃതദേഹത്തോട് പോസ്‌റ്റ്മോർട്ടം വൈകിച്ച് അനാദരവ് കാട്ടി.'എന്റെ മക്കളെ കൊന്നുകളഞ്ഞു, എന്റെ ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കണ'മെന്ന മരിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്റെ വിലാപം രാജ്യത്തെ നടുക്കി. ഇതാണോ കേരള മോഡലെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.
പി.ആർ ഏജൻസികളെ കൊണ്ട് പണിയെടുപ്പിക്കുന്ന സമയത്ത് ആരോഗ്യമന്ത്രി സർക്കാർ ആശുപത്രികളുടെ അവസ്ഥ വിലയിരുത്തിയിരുന്നെങ്കിൽ ഇത്രയും ദയനീയമായ സാഹചര്യം ഉണ്ടാകുമായിരുന്നില്ല. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്‌ക്കണമെന്ന് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |