കൊല്ലം: സിവിൽ സർവീസ് പരീക്ഷയിൽ 219ആമത് റാങ്ക് ലഭിച്ച ഫയർമാൻ ആശിഷ് ദാസ് തന്റെ അവസാന പ്രവൃത്തി ദിവസവും ചുമതല ഭംഗിയായി നിർവഹിച്ചു. പത്തനാപുരം വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ അണുനശീകരണ ബാഗുമായെത്തി തന്റെ ജോലി ചെയ്‌തു. രാവിലെ ഫയർഫോഴ്‌സിലെ ജീപ്പിൽ രണ്ട് സഹപ്രവർത്തകർക്കൊപ്പമെത്തിയാണ് ആശിഷ് തന്റെ ചുമതല വൈമുഖ്യമൊന്നും കൂടാതെ നിർവഹിച്ചത്. ഫയർഫോഴ്‌സ് ഫേസ്ബുക്ക് പേജിൽ ആശിഷ് ദാസിന്റെ ചിത്രം പോസ്‌റ്റ് ചെയ്‌തു.
ഫയർഫോഴ്‌സിന്റെ ഫേസ്‌ബുക്ക് പോസ്‌റ്ര് പൂർണരൂപം താഴെ
അടുത്ത ചുവട് ഐഎഎസ്; ജോലി മുടക്കാതെ അണുനശീകരണി ബാഗും തോളിലേറ്റി ആശിഷ് ദാസ് പത്തനാപുരം ∙ അടുത്ത ചുവട് ഐഎഎസ് പദവിയിലേക്കാണ്; എന്നിട്ടും അണുനശീകരണി ബാഗും തോളിലേറ്റി വിളക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ആശിഷ് ദാസ്. സിവിൽ സർവീസ് പരീക്ഷയിൽ 291ാം റാങ്ക് നേടി ഐഎഎസിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആശിഷ് ഫയർമാൻ ജോലിയിലെ അവസാനദിവസത്തെ ചുമതലയും ഭംഗിയായി നിർവഹിച്ചാണു വീട്ടിലേക്കു മടങ്ങിയത്. ഇനി അദ്ദേഹം ഫയർമാനായിരുന്ന ഐഎഎസുകാരൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവർത്തനങ്ങളാണ് ഇന്നലെ നടത്തിയത്. ഒക്ടോബർ അഞ്ചിനാണു പത്തനാപുരം അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള യാത്രയയപ്പ്. രാവിലെ അഗ്നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പിൽ 2 സഹപ്രവർത്തകരോടൊപ്പമാണ് ആശിഷ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിൽ ചിലർ തിരിച്ചറിഞ്ഞു കുശലം ചോദിക്കുമ്പോഴും വിനയത്തോടെ മറുപടി. സിവിൽ സർവീസിന്റെ ഭാഗമായിട്ടും ഫയർമാന്റെ ചുമതലകളിൽനിന്നു മാറിനിൽക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹപ്രവർത്തകരും പറഞ്ഞു. ഒക്ടോബർ 9നാണു പരിശീലനത്തിനായി ആശിഷ് മസൂറിയിലേക്കു പോകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |