യെരെവാൻ: അർമേനിയയും അസർബൈജാനും തമ്മിൽ സൈനിക സംഘർഷം രൂക്ഷമായി. ഏറ്റമുട്ടലിൽ 24 പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗോണോ-കരാബാഗ് പ്രദേശത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണം. അസർബൈജാനാണ് ആക്രമണം തുടങ്ങിയതെന്ന് അർമേനിയൻ പ്രതിരോധ വക്താവ് പറഞ്ഞു. അസർബൈജാന്റെ രണ്ടു ഹെലികോപ്ടറുകൾ വീഴ്ത്തിയതായും മൂന്നു ടാങ്കുകൾ തകർത്തതായും അർമേനിയ അറിയിച്ചു.
അതേസമയം, അർമേനിയൻ ആക്രമണത്തിന് തിരിച്ചടി നൽകുകയായിരുന്നുവെന്നും നഗോണോ-കരാബാഗിലെ 7 ഗ്രാമങ്ങൾ പിടിച്ചെടുത്തതായും അസർബൈജാൻ അവകാശപ്പെട്ടു
ഇരു രാജ്യങ്ങളും സൈനികനിയമം പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകവിപണിയിലേക്കുള്ള എണ്ണവാതക പൈപ്പ് ലൈനുകളുടെ കേന്ദ്രമായ സൗത്ത് കോക്കസസിൽ രണ്ടു മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ തമ്മിലുള്ള സംഘർഷം രാജ്യാന്തരതലത്തിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഇരുഭാഗത്തും ആൾനാശമുണ്ടായിട്ടുണ്ട്. അർമേനിയയിൽ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും. അർമേനിയൻ ഷെൽ ആക്രമണത്തിൽ അസർബൈജാനിലെ അഞ്ച് പേരടങ്ങിയ കുടുംബം കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
സമാധാന ശ്രമം ആരംഭിച്ചു
ഔദ്യോഗികമായി അധികാരം അസർബൈജാനാണെങ്കിലും അർമേനിയൻ നിയന്ത്രണത്തിലുള്ള പ്രദേശമാണ് നഗോർണോ -കരാബാഗ്. അർമേനിയൻ വംശജർക്കാണ് ഇവിടെ ഭൂരിപക്ഷം. സോവിയറ്റ് യൂണിയൻ തകർന്നതോടെ 1990കളിൽ വിഘടനവാദം ശക്തമായി. അർമേനിയയുടെ പിന്തുണയോടെ ഇവിടെ 1994 മുതൽ അസർബൈജാനെ വെല്ലുവിളിച്ച് അർമേനിയൻ വംശജർ സ്വന്തം നിലയിൽ ഭരണസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. റഷ്യയ്ക്ക് അമേനിയയുമായി പ്രതിരോധ കരാറുണ്ട്. അസർബൈജാന് തുർക്കിയുടെ പിന്തുണയുണ്ട്. സംഘർഷം ലഘൂകരിക്കാൻ ശ്രമം ആരംഭിച്ചതായി റഷ്യയുടെ വിദേശകാര്യമന്ത്രി സെർജി ലവ്‌റോവിന്റെ വക്താവ് അറിയിച്ചു. സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |