മാന്ദ്യം മറികടക്കാനാകാതെ വ്യാപാര മേഖലയും സംരംഭകരും
കൊല്ലം: കൊവിഡ് കുരുക്കിൽ ഞെരിഞ്ഞ സാമ്പത്തികാഘാതത്തിൽ നിന്ന് ആറ് മാസങ്ങൾക്കിപ്പുറവും പുറത്തുവരാൻ വ്യാപാര മേഖലയ്‌ക്കും സംരംഭകർക്കും കഴിയുന്നില്ല. ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞത് വിപണിയിൽ പ്രകടമാണ്. അവശ്യവസ്‌തുക്കൾക്ക് അപ്പുറത്തേക്ക് പണം മുടക്കാൻ സാധാരണക്കാർ തയ്യാറാകുന്നില്ല.
തൊഴിലിനെയും ജീവിതത്തെയും ഒരു പോലെ ബാധിച്ച ദുരിതത്തിൽ നിന്ന് അടുത്ത കാലത്തൊന്നും പുറത്ത് വരാനാകില്ലെന്ന തിരിച്ചറിവും ഇവർക്കുണ്ട്. കൊവിഡ് വ്യാപനം തുടങ്ങും മുമ്പ് മാർച്ചുവരെ നിലനിന്ന സാഹചര്യമല്ല തൊഴിൽ - വ്യാപാര മേഖലയിൽ ഇപ്പോഴുള്ളത്. ഹോട്ടൽ, വസ്ത്രശാലകൾ, കോസ്‌മെറ്റിക്‌സ്, ബേക്കറി, ബുക്ക് സ്റ്റാളുകൾ, ഗൃഹോപകരണ വിപണി തുടങ്ങി എല്ലായിടത്തും സ്ഥിതി മാറി.
കൊവിഡ് കാലത്ത് സ്വഭാവ വ്യതിയാനം വന്ന പുതിയൊരു വിപണി സംസ്കാരം തന്നെ രൂപം കൊള്ളുകയാണ്. വൻകിട നിർമ്മാണ കമ്പനികൾ മുതൽ ചെറുകിട വ്യാപാര കേന്ദ്രങ്ങൾ വരെ ജോലിക്കാരുടെ എണ്ണം കുറയ്‌ക്കുകയോ തൊഴിൽ ദിനങ്ങൾ വെട്ടിച്ചുരുക്കുകയോ ചെയ്‌തു. ജീവനക്കാരെ പിരിച്ചുവിടാൻ മനസ് വരാത്ത ചില സ്ഥാപനങ്ങൾ എല്ലാവർക്കും തൊഴിൽ നൽകാനായി ജീവനക്കാരുടെ തൊഴിൽ ദിനങ്ങൾ പകുതിയാക്കി. ഇതെല്ലാം ബാധിച്ചത് സാധാരണ തൊഴിലാളികളെയാണ്.
ഏത് തൊഴിലും അഭിമാനം
വിദേശത്ത് വലുതും ചെറുതുമായ ജോലി ചെയ്തിരുന്നവർ മുതൽ സ്വകാര്യ ബസുകളിലെ ജീവനക്കാർ വരെ വഴിയോര വിൽപ്പനക്കാരായി ജീവിതത്തോട് മത്സരിക്കുകയാണ്. പുതിയൊരു സംരംഭ രീതി വളർത്തിയെടുക്കാൻ കൊവിഡ് കാലത്തെ തൊഴിൽ രഹിതർക്കായി. ഉപജീവനത്തിന് ജനങ്ങോട് ഏറ്റവും അടുത്ത് നിൽക്കുന്ന, വിലക്കുറവും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങളുമായി അവർ തെരുവിലേക്കിറങ്ങി. വലിയ മുതൽമുടക്കില്ലാത്ത പുത്തൻ സംരംഭങ്ങൾ അതിജീവനം നേടുന്നുണ്ടെങ്കിലും വലിയ മുതൽ മുടക്ക് നടത്തിയ കൊവിഡിന് മുമ്പുണ്ടായിരുന്ന പൊതുവിപണിയുടെ സ്ഥിതി ശുഭകരമല്ല.
ജീവിത മാർഗം നിലച്ചു
എത്ര പേർക്ക് തൊഴിൽ ഇല്ലാതായെന്ന് കണ്ടെത്തുക അസാദ്ധ്യമാണ്. ദിവസ വേതനക്കാർ, നിർമ്മാണ തൊഴിലാളികൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഹോട്ടൽ തൊഴിലാളികൾ തുടങ്ങി അനവധിയാളുകളുടെ തൊഴിൽ ഇല്ലാതായി. സ്ഥാപനങ്ങളിൽ പലതിനും താഴുവീണു. ജോലി നഷ്ടപ്പെടാത്തവരുടെ ശമ്പളത്തിൽ വലിയ കുറവുണ്ടായി. കൃത്യമായി ശമ്പളം ലഭിക്കാത്ത സ്ഥിതിയായി.
''
പഴയതുപോലുള്ള കച്ചവടം ഇല്ല. ഇരുത്തി ഭക്ഷണം വിളമ്പാൻ സർക്കാർ അനുവദിച്ചെങ്കിലും ഇപ്പോഴും പൊതി മാത്രമേ കൊടുക്കുന്നുള്ളൂ. രാത്രിയിലും തിരക്കില്ല. അതോടെ ശമ്പളം കുറഞ്ഞു, പല ദിവസങ്ങളിലും ജോലിയില്ല.
അനീഷ്, ഹോട്ടൽ തൊഴിലാളി, ചവറ സ്വദേശി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |