ടെക്സാസ്: തലച്ചോർ തിന്നുന്ന അമീബ മൂലം ആറു വയസുകാരൻ മരിച്ചതോടെ, രോഗത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് ടെക്സാസ് ഗവർണർ. കുട്ടി കുടിച്ച പൈപ്പിൽ നിന്നുള്ള വെള്ളത്തിൽ നിന്നാണ് നെഗ്ളേറിയ ഫൗലേറി എന്ന അമീബയെ കണ്ടെത്തിയത്. അമീബയുടെ സാന്നിദ്ധ്യമുള്ള ജല സ്രോതസുകൾ അണുവിമുക്തമാക്കുകയാണെന്ന് ടെക്‌സാസിലെ ജലവിതരണ വകുപ്പ് ജീവനക്കാർ അറിയിച്ചു. ഒരു കാരണവശാലും ടെക്‌സാസിലെ പൊതുജല വിതരണ സംവിധാനത്തിൽ നിന്നുള്ള ജലം ഉപയോഗിക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വെള്ളം ഉപയോഗിക്കുകയാണെങ്കിൽ തിളപ്പിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. തടാകങ്ങളിലും നദികളും നീന്തൽക്കുളത്തിലും വളരുന്ന ഒരു സൂക്ഷ്മജീവിയാണിതെന്ന് യു.എസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂക്കിലൂടെ മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുന്ന അമീബ തലച്ചോറിലേക്ക് തുളച്ചുകയറുന്നു. ശക്തമായ തലവേദന, ഹൈപ്പർതെർമിയ, കഠിനമായ കഴുത്ത് വേദന, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, തലക്കറക്കം, കടുത്ത ക്ഷീണം എന്നിവയെല്ലാം അനുഭവപ്പെടുന്നു.
1983നും 2010 നും ഇടയിൽ 28 പേർക്കാണ് നെഗ്ലേറിയ ഫൗലേറി മൂലം ജീവൻ നഷ്ടപ്പെട്ടതെന്ന് ടെക്സാസ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. 27,000 ത്തിലധികം ആളുകൾ താമസിക്കുന്ന ടെക്സാസിലെ ലേക്ക് ജാക്സൺ പ്രദേശത്തുള്ളവർക്കാണ് ഏറ്റവും അധികം ഭീഷണി നിലനിൽക്കുന്നതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |