ജില്ലയിൽ 1456 ക്ഷയ രോഗികൾ
പത്തനംതിട്ട : കൊവിഡ് പരിശോധനയോടൊപ്പം ചുമയുളളവരെ കണ്ടെത്തി കഫ പരിശോധന നടത്തി ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്താനും പദ്ധതി. ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ യജ്ഞത്തിന്റെ ഭാഗമായാണിത്. മൂന്നാംഘട്ട പ്രവർത്തനങ്ങൾ അക്ഷയ കേരള യജ്ഞം എന്ന പേരിൽ ഒക്ടോബർ മുതൽ ജില്ലയിൽ ആരംഭിക്കും. ഇതിനായി ഫീൽഡ് വിഭാഗം ജീവനക്കാർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ.ജി.ഒ കൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവരുടെ കൂട്ടായ്മ രൂപീകരിക്കും. സി.ബി നാറ്റ് പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിക്കും. ജില്ലയിൽ 2019 -2020 വർഷത്തിലെ കണക്കും പ്രകാരം 1456 പേർക്ക് ക്ഷയരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അക്ഷയ കേരള യജ്ഞം കാമ്പയിൻ
കൊവിഡ്, ക്ഷയരോഗ സാദ്ധ്യത കൂടുതലുളള 60 വയസിന് മുകളിലുളളവർ, ഗുരുതര പ്രമേഹ രോഗികൾ, ശ്വാസകോശ രോഗങ്ങൾ ഉളളവർ, പുകവലിക്കുന്നവർ എന്നിവരെയാണ് തുടക്കത്തിൽ പരിശോധിക്കുന്നത്. ജില്ലയിൽ നിലവിൽ കൊവിഡിനൊപ്പം ക്ഷയരോഗവും ബാധിച്ച നാലുപേർ ഉണ്ട്. രോഗലക്ഷണങ്ങൾ ഉളളതിനാൽ രണ്ട് രോഗങ്ങളുടെയും പരിശോധനയ്ക്ക് അഞ്ചു പേരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ലോക് ഡൗൺ കാലമായിരുന്നതിനാൽ ആശുപത്രിയിൽ എത്തി പരിശോധന നടത്താൻ സാധിക്കാത്തതു മൂലമാണ് ഇത്രയും രോഗികളെ കണ്ടെത്താൻ കഴിയാതിരുന്നത്. ഇപ്രകാരം നഷ്ടമായ രോഗികളെ കണ്ടെത്തി കൃത്യമായ ചികിത്സ നൽകുകയാണ് 'അക്ഷയ കേരള യജ്ഞം' എന്ന കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബർ രണ്ടിന് മന്ത്രി കെ.കെ ശൈലജ നിർവഹിക്കും. 2025 ആകുമ്പോഴേക്കും ടി.ബിയെ പൂർണമായും തുടച്ചുനീക്കുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം.
------------------------
ക്ഷയ രോഗികൾ (ജില്ലയിലെ കണക്ക്)
രോഗികൾ : 1036
ചികിത്സിച്ച് ഭേദമായവർ : 855
മരണം : 69
രോഗികൾ : 420
ചികിത്സിച്ച് ഭേദമായവർ: 422
മരണം : 30
-------------------
"ക്ഷയരോഗ നിവാരണ യജ്ഞത്തിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ 'അക്ഷയ കേരള യജ്ഞം' എന്ന പേരിൽ ഒക്ടോബർ മുതൽ ജില്ലയിൽ ആരംഭിക്കും.ഇതിന്റെ ഭാഗമായി കൊവിഡ് പരിശോധനയോടൊപ്പം ചുമയുളളവരെ കണ്ടെത്തി കഫ പരിശോധന നടത്തി ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തും. "
ഡോ.എ.എൽ ഷീജ
ജില്ലാ മെഡിക്കൽ ഓഫീസർ
-----------------
"കണക്കുകൾ പ്രകാരം കേരളമൊട്ടാകെ മാർച്ച് മാസത്തിന് ശേഷം 1500 ലധികം ടി.ബി കേസുകളുടെ കുറവ് വന്നിട്ടുണ്ട്. ആദ്യം നൽകുന്ന ആറ് മാസത്തെ മരുന്ന് കഴിച്ചാൽ 90 ശതമാനം ഭേദമാകാറുണ്ട്. പക്ഷെ ആദ്യം കൊടുക്കുന്ന ഡോസ് കൃത്യമായി കഴിക്കാത്തവർക്ക് ഡ്രഗ് റെസിസ്റ്റന്റ് ടി.ബി ആകാൻ സാദ്ധ്യത കൂടുതലാണ്. പിന്നീട് അൽപം കൂടി ഡോസ് കൂടിയ മരുന്നുകൾ നൽകേണ്ടി വരും. "
ഡോ.നിധീഷ് ഐസക് സാമുവൽ
ജില്ലാ ടി.ബി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |