ശ്രീനഗർ : ജമ്മു കാശ്മീരിൽ നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. അഞ്ചു പേർക്ക് പരിക്കേറ്റു. പാക് പ്രകോപനത്തിനെതിരെ കനത്ത തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച രാത്രി മുതലാണ് നിയന്ത്രണരേഖാ പ്രദേശങ്ങളിൽ പ്രകോപനമില്ലാതെ പാക്ക് സൈന്യം ആക്രമണം നടത്തിയത്.
കുപ്‌വാരയിലെ നൗഗാം സെക്ടറിൽ ഇന്ന് രാവിലെയോടെ പാക്ക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും 4 സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. പുഞ്ച് സെക്ടറിൽ നടന്ന ഷെല്ലാക്രമണത്തിലാണ് ഒരു സൈനികനാണ് വീരമൃത്യു മരിച്ചത്. മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
നിയന്ത്രണരേഖയിലും ഇന്ത്യൻ പോസ്റ്റുകളിലും പാകിസ്ഥാൻ മോർട്ടാർ ആക്രമണവും വെടിവയ്പും തുടരുകയാണ്. കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം തവണയാണ് പാകിസ്ഥാൻ വെടിനിറുത്തൽ കരാർ ലംഘിച്ചത്. 17 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. സെപ്റ്റംബറിൽ മാത്രം 47 തവണയാണ് പാക് സൈന്യം വെടിനിറുത്തൽ കരാർ ലംഘിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പുഞ്ച് ഗ്രാമത്തെ ലക്ഷ്യമാക്കിയാണ് പാക് സൈന്യം പ്രകോപനം സൃഷ്ടിക്കുന്നത്. നേരത്തെ പ്രദേശത്തെ കന്നുകാലികൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സെപ്റ്റംബർ 5ന് രജൗരി ജില്ലയിലെ സുന്ദർബാനി സെക്ടറിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിലും സെപ്റ്റംബർ 2ന് കേരി സെക്ടറിൽ നടത്തിയ ആക്രമണത്തിലും ഓരോ ഇന്ത്യൻ സൈനികർ വീതം വീരമൃത്യു വരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |