തിരുവനന്തപുരം : മെഡിക്കൽ കോളേജാശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ശത്രുതാപരമായ നടപടി ഉണ്ടാകില്ലെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മെഡിക്കൽ കോളേജിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
കൊവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനം ത്യാഗപൂർണമാണ്. സാധാരണ ചെയ്യുന്നതിനേക്കാൾ ഇരട്ടി ജോലിയാണ് കൊവിഡ് കാലത്ത് നിറവേറ്റുന്നത്. അവരുടെ പ്രവർത്തനത്തെ വില കുറച്ചു കാണരുത്. ചെറിയ വീഴ്ചകൾ പോലും ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം. രോഗിയെ പുഴുവരിച്ച സംഭവം ആവർത്തിക്കാതിരിക്കാനാണ് തലപ്പത്തിരിക്കുന്നവരെ മാറ്റി നിറുത്തിയത്. സസ്പെൻഡ് ചെയ്ത ഡോ.അരുണ കൊവിഡ് തുടങ്ങിയതു മുതൽ രാപ്പകലില്ലാതെ പ്രവർത്തിച്ച നോഡൽ ഓഫീസറാണ്. നടപടിയുടെ പേരിൽ ഡോക്ടർ ഒന്നും ചെയ്യാത്ത വ്യക്തിയാണെന്ന് അർത്ഥമില്ല. അതേസമയം
ഒറ്റപ്പെട്ട സംഭവങ്ങൾ മുൻനിറുത്തി കേരളത്തിലെ ആരോഗ്യ വകുപ്പിന് ആകെ പുഴുക്കുത്തേറ്റിരിക്കുന്നു എന്ന് പറയാൻ മടിക്കാത്ത ചില മാദ്ധ്യമങ്ങളുടെ നിലപാട് സങ്കടകരമാണ്. വലിയൊരു യുദ്ധം നയിക്കുന്നതിനിടെ ചെറിയ സംഭവങ്ങൾ പർവതീകരിക്കുന്നത് ശരിയല്ല. ഡോക്ടർമാർ സർക്കാരിന് എതിരാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായും മന്ത്രി ശൈലജ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |