ന്യൂഡൽഹി: 'ഇനി ആരും നിങ്ങളുടെ വസ്തുവിൽ കണ്ണുവയ്ക്കില്ല' - കേന്ദ്രത്തിന്റെ അഭിമാനപദ്ധതിയായ സ്വമിത്വ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജനളാേട് പറഞ്ഞതാണിത്. ഗ്രാമീണരുടെ വസ്തുവിന്റെ അതിരുകൾ അത്യന്താധുനിക സങ്കേതിക വിദ്യയുടെ സഹായത്തോടെ കൃത്യമായി നിർണയിച്ച് ഉടമകൾക്ക് പ്രോപ്പർട്ടി കാർഡ് നൽകുന്ന പദ്ധതിയാണ് ഇത്. സ്വാശ്രയ ഇന്ത്യയിലേക്കുളള പ്രധാന ചുവടുവയ്പ്പെന്നാണ് പ്രധാനമന്ത്രി പദ്ധതിയെ വിശേഷിപ്പിച്ചത്.
ഡ്രോണുപയോഗിച്ചാണ് വസ്തുവിന്റെ അതിർത്തികൾ രേഖപ്പെടുത്തുന്നത്. തുടർന്ന് ജിയോമാപ്പിംഗ് നടത്തി രേഖകൾ ഡിജിറ്റലാക്കി കാർഡിൽ നൽകുകയാണ് ചെയ്യുന്നത്. ഇത് എസ് എം എസ് ആയി ഉടമകളുടെ മൊബൈൽഫോണിലേക്ക് അയയ്ക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുലക്ഷത്താേളം ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന എസ് എം എസ് ലിങ്കുവഴി പ്രോപ്പർട്ടി കാർഡുകൾ ഡൗൺലോഡ്ചെയ്തെടുക്കാൻ കഴിയും.
കർഷകർക്ക് വായ്പയെടുക്കാനും മറ്റ് ആവശ്യങ്ങൾക്കും പ്രോപ്പർട്ടി കാർഡ് ഉപയോഗപ്പെടുത്താം. കൃത്യമായ ഭൂ വിവരങ്ങൾ, വസ്തുനികുതി നിർണയം. തർക്കപരിഹാരം എന്നിവയ്ക്കും പുതിയപദ്ധതി ഏറെ സഹായകകമാണ്. ഓരോരുത്തരുടെയും കൈവശം എത്രഭൂമിയുണ്ടെന്ന് എളുപ്പത്തിൽ കണ്ടെത്താനും അധികൃതർക്ക് കഴിയും.
കഴിഞ്ഞ ഏപ്രിൽ 24ന് ദേശീയ പഞ്ചായത്ത് രാജ് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. ഘട്ടംഘട്ടമായി നാലുവർഷംകൊണ്ട് പൂർണമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശ് ഹരിയാന, മഹാരാഷ്ട്ര,മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്,കർണാടക എന്നീ സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |