ന്യൂഡൽഹി : മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഐ.എസ്.ആർ.ഒ പുനഃരാരംഭിച്ചു. 2022 ആഗസ്റ്റിലാണ് ഗഗൻയാൻ വിക്ഷേപിക്കാൻ നിശ്ചയിച്ചിരിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവൻ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. അതേ സമയം, കൊവിഡ് പശ്ചാത്തലത്തിൽ ഇതിൽ നേരിയ മാറ്റങ്ങൾ വരാനിടെയുണ്ട്.
മൂന്ന് യാത്രികരെയാണ് ഗഗൻയാൻ മിഷനിലൂടെ ഇന്ത്യ ബഹിരാകാശത്തേക്ക് എത്തിക്കുക. രാജ്യത്തിന്റെ 75ാം സ്വതന്ത്ര്യദിനാഘോഷത്തോടനുബന്ധമായാണ് ഗഗൻയാൻ മിഷന്റെ വിക്ഷേപണം പ്രഖ്യാപിച്ചത്. മിഷനായി ഇന്ത്യൻ എയർ ഫോഴ്സിൽ നിന്നും തിരഞ്ഞെടുത്ത നാല് പേർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്.
ഹിന്ദുസ്ഥാൻ എയറോനോട്ടികൽ ലിമിറ്റഡ്, ഡി.ആർ.ഡി.ഒ എന്നിവയാണ് മിഷനാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നത്. ഇന്ത്യ തിരഞ്ഞെടുത്ത ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്നത് റഷ്യയാണ്. ഫ്രാൻസ്, നാസ എന്നിവർ ഗഗൻയാൻ മിഷനിന് പിന്തുണ നൽകുന്നുണ്ട്. ജി.എസ്.എൽ.വി എം.കെ III റോക്കറ്റാണ് ഗഗൻയാൻ പേടകത്തെ വഹിക്കുക.
അതേ സമയം, ഒക്ടോബർ 14ന്, ഇന്റർനാഷണൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷന്റെ അലൻ ഡി എമിൽ പുരസ്കാരത്തിന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ അർഹനായിരുന്നു. ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ പകരംവയ്ക്കാനില്ലാത്ത സംഭാവനയ്ക്ക് നൽകുന്ന വാർഷിക പുരസ്കാരമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |