കൊച്ചി: കലൂർ ആസാദ് റോഡിൽ വിതരണത്തിനായി വച്ചിരുന്ന ഗ്യാസ് സിലിണ്ടർ മോഷ്‌ടിച്ച കേസിൽ പാലാരിവട്ടം സ്വദേശി ഷിറോൺ ബച്ചു (37),മാമംഗലം സ്വദേശി ബെന്നറ്റ് (54),തമ്മനം ശാന്തിപുരം കോളനിയിൽ താമസിക്കുന്ന അബ്ദുൽ വാഹിദ് (41) എന്നിവരെ നോർത്ത് പൊലീസ് അറസ്‌റ്റു ചെയ്‌തു. ഈ മാസം പത്താം തീയതി കലൂർ ആസാദ് റോഡ് ഭാഗങ്ങളിൽ വിതരണത്തിനായി സിലിണ്ടർ റോഡ് സൈഡിൽ ഇറക്കിവെക്കുകയും തുടർന്ന് ഭക്ഷണം കഴിച്ചു തിരിച്ചു വരുമ്പോൾ ഡെലിവറി ബോയ് ഒരു സിലിണ്ടർ മോഷണം പോയതായി മനസിലാക്കി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളായ ഷിറോണും ബെനറ്റും കൂടി സ്‌കൂട്ടറിൽ വന്ന് ഗ്യാസ് സിലിണ്ടർ എടുത്ത് കൊണ്ടു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ പ്രതികൾ ആക്ടീവ സ്‌കൂട്ടറിലാണ് വന്നതെന്ന് മനസിലായി. തുടർന്ന് വ്യക്തമല്ലാത്ത വാഹന നമ്പർ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കുകയും നമ്പർ ലഭിക്കുകയും ചെയ്തു. വാഹന ഉടമയെ കണ്ടു ചോദ്യം ചെയ്തപ്പോഴാണ് മാസങ്ങളായി വാഹനം രണ്ടാം പ്രതി ബെന്നെറ്റിന്റെ കൈവശമാണെന്ന് വ്യക്തമായത്. ബെന്നെറ്റിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് പ്രതികളായ ഷെറോണും ബെന്നറ്റും കൂടി ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് അബ്ദുൾ വാഹിദിന് വിൽപ്പന നടത്തിയത് തെളിഞ്ഞത്. മോഷണ മുതലാണെന്ന് അറിവോടുകൂടി ഗ്യാസ് സിലിണ്ടർ വാങ്ങിച്ച കുറ്റത്തിനാണ് അബ്ദുൾ വാഹിദിനെ അറസ്റ്റ് ചെയ്തത്.പ്രതികൾ മോഷ്ടിച്ച ഗ്യാസ് സിലിണ്ടർ അബ്ദുൾ വാഹിദിൽ നിന്നും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എറണാകുളം നോർത്ത് ഇൻസ്‌പെക്ടർ സിബി ടോം സബ് ഇൻസ്‌പെക്ടർ അനസ് .വി.ബി, എ.എസ്.ഐമാരായ വിനോദ് കൃഷ്ണ, അജിലേഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |