തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് കൈമാറണമെന്ന ആവശ്യമുന്നയിക്കാതെ, കെ.എസ്.ഐ.ഡി.സിയുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ച് ലേലത്തിൽ പങ്കെടുത്തതാണ് ഹൈക്കോടതിയിലെ ഹർജിയിൽ സർക്കാരിന് തിരിച്ചടിയായത്.
ആദ്യം ലേലത്തിൽ പങ്കെടുക്കാനൊരുങ്ങിയ നെടുമ്പാശേരി വിമാനത്താവള കമ്പനിയെ(സിയാൽ) മാറ്റിനിറുത്താനുള്ള തീരുമാനം വിനയായി. വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറുന്നത് നയപരമായ തീരുമാനമാണെന്നും, ലേലനടപടികൾ സംസ്ഥാന സർക്കാർ അംഗീകരിച്ചതാണെന്നും കേന്ദ്രസർക്കാർ നിലപാടെടുത്തതോടെ സർക്കാരിന് പിടിവള്ളിയില്ലാതായി. വിമാനത്താവള നടത്തിപ്പ് സംസ്ഥാനത്തിന് കിട്ടാനിടയില്ലെന്ന് കേരളകൗമുദി സെപ്തംബർ22ന് റിപ്പോർട്ട് ചെയ്തിരുന്നു.
കേന്ദ്രത്തിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് പങ്കെടുത്ത ലേലത്തിൽ രണ്ടാമതായിപ്പോയ ശേഷം, ലേലത്തിൽ വിജയിച്ച അദാനിക്കും കേന്ദ്രത്തിനുമെതിരെ സർക്കാർ കേസ് കൊടുത്തതിനാൽ 18 മാസമായി കരാറൊപ്പിടാനായിരുന്നില്ല. സുപ്രീംകോടതി വരെ നിയമയുദ്ധം നീണ്ടെങ്കിലും സ്റ്റേയില്ലാത്തതിനാൽ അദാനിയുമായി കേന്ദ്രം പാട്ടക്കരാറൊപ്പിട്ടു. ഇതിനെതിരായ സർക്കാരിന്റെ ഹർജിയും പരാജയപ്പെട്ടു. ലേലത്തിൽ സർക്കാരിനു പകരം നെടുമ്പാശേരി വിമാനത്താവള കമ്പനി പങ്കെടുത്ത് പരാജയപ്പെട്ടിരുന്നെങ്കിലും സർക്കാരിന്റെ അവകാശവാദം നിലനിൽക്കുമായിരുന്നു. ലേലത്തുകയും കേരളം നിർദേശിക്കുന്ന തുകയും തമ്മിൽ 10%വരെ വ്യത്യാസമുണ്ടായാലും വിമാനത്താവള നടത്തിപ്പിനുള്ള ആദ്യഅവകാശം കേരളത്തിന് നൽകാമെന്ന കേന്ദ്രത്തിന്റെ ഓഫർ അംഗീകരിച്ചതും തിരിച്ചടിയായി. അദാനിയുടെ ക്വട്ടേഷൻ തുകയുമായുള്ള വ്യത്യാസം 19.3ശതമാനമായിരുന്നു. അദാനിക്കെതിരായ ലേലത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ മരുമകൾ പാർട്ണറായ നിയമസ്ഥാപനത്തിൽ നിന്ന് സർക്കാർ നിയമോപദേശം തേടിയതും വിവാദമായിരുന്നു.
അദാനിക്ക് വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിൽ നിയമതടസമില്ലെങ്കിലും ,പാട്ടക്കരാർ ഒപ്പിടുന്ന നടപടി പൂർത്തിയാക്കാനുള്ള സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നൽകില്ലെന്നാണ് സർക്കാർ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനുള്ളതാണ് കരാർ. ടെർമിനൽ വികസനത്തിനായി 18 ഏക്കർ ഏറ്റെടുക്കലും ഉപേക്ഷിച്ചേക്കും.
അദാനി ഗ്രൂപ്പിന് തടസം നീങ്ങി
ഹൈക്കോടതി ഉത്തരവോടെ, തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ അദാനിഗ്രൂപ്പിനുള്ള തടസംനീങ്ങി.വിമാനത്താവള വികസനത്തിന് അദാനിയാണ് പണം മുടക്കേണ്ടത്. പ്രതിവർഷം 75കോടി പാട്ടത്തുക നൽകണം. സർവീസുകളും യാത്രക്കാരെയും കൂട്ടിവേണം ഇത് തിരിച്ചുപിടിക്കാൻ. വിദേശ-സ്വകാര്യ പങ്കാളിയുണ്ടായാൽ അടിസ്ഥാന സൗകര്യ വികസനവും ലോകോത്തര സൗകര്യങ്ങളുമുണ്ടാവും
ഡ്യൂട്ടിഫ്രീയും ബാറും
വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടി ഫ്രീഷോപ്പ് ഏറ്റെടുത്ത് അദാനിക്ക് വലുതാക്കാം. നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടിഫ്രീഷോപ്പ് സിയാൽ നേരിട്ടു നടത്തുന്നുണ്ട്. പ്രതിവർഷം ലാഭം 250 കോടിയാണ്. കണ്ണൂർ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെർമിനലിലും ബാർ തുടങ്ങാം. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കാം. കൂടുതൽ ഷോപ്പിംഗ്, സേവന കേന്ദ്രങ്ങൾ തുറക്കാം.
വിഴിഞ്ഞം തുറമുഖവും വിമാനത്താവളവും ചേർന്നുള്ള ബിസിനസ് സംരംഭങ്ങളുണ്ടാക്കും. ചരക്കുനീക്കം സുഗമമാവുമെന്നും ഇതിലൂടെ വ്യവസായനഗരമായി തിരുവനന്തപുരം വളരുമെന്നും അദാനി പറയുന്നു. ചരക്കു നീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും പദ്ധതിയുണ്ടാക്കും. കപ്പൽ-വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |