കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന്‍റെ ജാമ്യ ഹർജി ഇന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. 180 ദിവസമായി താൻ കസ്റ്റഡിയില്‍ തുടരുകയാണെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് സൂരജിന്‍റെ ആവശ്യം. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിനു മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് ആരഭിക്കും.
പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജ് മാത്രമാണ് പ്രതി. കൊലപാതക ശ്രമം, കൊലപാതകം, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.കഴിഞ്ഞ മേയ് ആറിനാണ് മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ് ഇയാൾ പാമ്പിനെ വാങ്ങിയത്.
ഏപ്രിൽ മാസത്തിൽ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യിൽ നിന്നും പ്രതി മൂർഖനെ വാങ്ങുകയായിരുന്നു.തുടർച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ആദ്യം അഞ്ചൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മേയ് 24നാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. സുരേഷ് മാപ്പ് സാക്ഷി ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |