കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 34 സൈനികർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. തഹാർ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ പ്രവിശ്യയിലെ പൊലീസ് മേധാവിയും ഉണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം 42പേരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താലിബാന് ഏറെ സ്വാധീനമുളള പ്രദേശത്താണ് ആക്രമണം നടന്നത്.റോഡുവക്കിലെ വീടുകളിൽ ഒളിച്ചിരുന്ന ഭീകരർ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ പകച്ചുപോയ സൈനികർ തിരിച്ചടിച്ചു. എന്നാൽ ഭീകരർ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. പ്രദേശത്തേക്ക് കൂടുതൽ സൈനികർ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോർട്ട്.
താലിബാനുമായി സമാധാന ചർച്ചകൾ തുടങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. എന്നാൽ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ താലിബാൻ തയ്യാറായിട്ടില്ല. ഈ മാസം ആദ്യം, തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ നടന്ന രക്തരൂക്ഷിതമായ സംഘർഷത്തെത്തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെനിന്ന് പലായനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |