മാഞ്ചസ്റ്റർ: വിമാനത്തിനുള്ളിൽ വച്ച് പ്രശ്നമുണ്ടാക്കിയ ഭർത്താവിന്റെ കരണത്തടിച്ച് ഭാര്യ. മാഞ്ചസ്റ്ററിൽ നിന്ന് റ്റെനെറിഫിലേക്ക് പോവുകയായിരുന്ന ഈസി ജെറ്റ് പാസഞ്ചർ വിമാനത്തിനുള്ളിലാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. മാസ്ക് ധാരണത്തിനെതിരെ സംസാരിക്കുകയായിരുന്നു ഭർത്താവ്. മാസ്ക് ധരിക്കില്ലെന്നും മറ്റുള്ളവരും മാസ്ക് ഒഴിവാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടതോടെയാണ് വിമാനത്തിനുള്ളിൽ തർക്കം ഉടലെടുത്തത്. മാസ്ക് ഉപേക്ഷിച്ച് പോരാടൂവെന്ന് പറഞ്ഞ് ബഹളം വച്ചതോടെ മറ്റ് യാത്രികർ ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചു. ഇതോടെ മറ്റുള്ളവർക്ക് നേരെ ഇയാൾ ചുമയ്ക്കാൻ തുടങ്ങി. ഈ സമയത്താണ് കോലാഹലങ്ങളിൽ ഇയാളുടെ ഭാര്യ ഇടപെടുന്നത്. സീറ്റിലിരിക്കാൻ ആവശ്യപ്പെട്ട ഭാര്യയെ ബുദ്ധിശൂന്യയെന്ന് വിളിച്ചതോടെ അവരുടെ നിയന്ത്രണം വിട്ടു. അസഭ്യം പറഞ്ഞതിന് പിന്നാലെ ഭാര്യ ഭർത്താവിന്റെ മുഖത്ത് അടിക്കുകയായിരുന്നു. തിരികെ അടിക്കാൻ ഇയാൾ ശ്രമിക്കുന്നതിനിടെ മറ്റ് യാത്രക്കാർ ഇടപെട്ടു. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വിമാനജീവനക്കാർ ഒരുവിധത്തിലാണ് യാത്രക്കാരെ ശാന്തരാക്കിയത്. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തതായും വിമാനക്കമ്പനി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ യാത്രക്കാർ സ്വന്തമായി മാസ്ക് കൊണ്ടുവന്ന് ധരിച്ചാൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂവെന്ന് ഈസി ജെറ്റ് യാത്രക്കാർക്കുള്ള നിർദ്ദേശങ്ങളിൽ കൂട്ടിച്ചേർത്തു. വിമാനത്തിൽ കയറുമ്പോഴും, യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിച്ചിരിക്കണമെന്നും നിർദ്ദേശത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |