
പ്രൊഫഷണലുകൾക്ക് വിസ കാലാവധി നീട്ടി
ന്യൂഡൽഹി/മസ്കറ്റ്: ഇന്ത്യയിൽ നിന്നുള്ള 98 ശതമാനം ഉത്പന്നങ്ങൾക്കും നികുതി രഹിത പ്രവേശനം ഉറപ്പാക്കി ഒമാനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെയും സാന്നിദ്ധ്യത്തിൽ മന്ത്രി പിയൂഷ് ഗോയലും ഒമാൻ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫുമാണ് കരാറിൽ ഒപ്പിട്ടത്.
തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ആഭരണങ്ങൾ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക്, ഫർണിച്ചർ, കാർഷിക ഉത്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈൽ, പുനരുപയോഗ ഊർജം എന്നീ മേഖലകളിലെ കയറ്റുമതി വർദ്ധിക്കും.
ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുള്ള ട്രാൻസ്‌ഫെറി ക്വാട്ട വർദ്ധിപ്പിച്ചു. കരാർ സേവന വിതരണക്കാർ, ബിസിനസ് സന്ദർശകർ, സ്വതന്ത്ര പ്രൊഫഷണലുകൾ എന്നിവർക്കുള്ള താത്കാലിക വിസ കാലയളവ് രണ്ടുവർഷമായി നീട്ടി. അക്കൗണ്ടൻസി, നികുതി, വാസ്തുവിദ്യ, മെഡിക്കൽ പ്രൊഫഷണലുകൾക്കും വിസ, താമസ കാലയളവിൽ ഇളവു നൽകും. കാലാവധി വ്യക്തമാക്കിയില്ല
മോദിക്ക് പരമോന്നത
ബഹുമതി
നരേന്ദ്രമോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഒഫ് ഒമാൻ" നൽകി ആദരിച്ചു. 1970ൽ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് സ്ഥാപിച്ച അവാർഡ് പൊതുജീവിതത്തിനും ഉഭയകക്ഷി ബന്ധങ്ങൾക്കും സംഭാവന നൽകുന്ന ആഗോള നേതാക്കൾക്കാണ് നൽകുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖാണ് സമ്മാനിച്ചത്. അവാർഡ് ഇരുരാജ്യങ്ങളും തമ്മിലുള്ള കാലാതീതമായ സൗഹൃദത്തിന് സമർപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
'സുഖമാണോ"
മലയാളത്തിൽ മോദി
ഒമാൻ കൺവെൻഷൻ സെന്ററിൽ ഇന്ത്യൻ വിദ്യാർത്ഥികളെയും പ്രവാസികളെയും അഭിസംബോധന ചെയ്‌ത പരിപാടിയിൽ മലയാളത്തിൽ സംസാരിച്ച് പ്രധാനമന്ത്രി. ധാരാളം മലയാളികളുണ്ടെന്ന് കരുതുന്നു. സുഖം ആണോ? എന്നു ചോദിച്ചുകൊണ്ടായിരുന്നു തുടക്കം. തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകളിലും വിശേഷം ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |