തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടെന്ന സൂചനയോടെ എം.എൽ.എ വി.കെ പ്രശാന്ത് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ കമന്റിട്ട ജെമിച്ചൻ ജോസ് എന്ന യുവാവ് വിശദീകരണവുമായി രംഗത്ത്. താൻ പോസ്റ്റ് കണ്ടപ്പോൾ പെട്ടെന്ന് പ്രതികരിച്ചതാണെന്നും സർക്കാരിനെ തള്ളി പറയാൻ ശ്രമിച്ചതല്ലെന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് ജെമിച്ചൻ വ്യക്തമാക്കുന്നത്. സർക്കാർ നൽകിയ നാല് ലക്ഷം രൂപ കൊണ്ടാണ് വീടിന്റെ പണികൾ ആരംഭിച്ചതെന്നും എന്നാൽ ബാക്കിയുള്ള ജോലികൾ താൻ തന്നെ തീർക്കുകയായിരുന്നു എന്നും വീഡിയോയിലൂടെ പറയുന്നു.
താൻ തന്റെ ഭാഗത്തുനിന്നും വന്ന ഒരു തെറ്റ് തിരുത്താനാണ് വീഡിയോ ഇടുന്നതെന്നും, പെട്ടെന്ന് എടുത്തുചാടിയാണ് താൻ കമന്റിട്ടതെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയത് കാരണമല്ല കാര്യങ്ങൾ വിശദീകരിക്കുന്നതെന്നും ജെമിച്ചൻ വീഡിയോയിലൂടെ പറയുന്നുണ്ട്. നേരത്തെ ജെമിച്ചൻ ജോസ് ഫേസ്‌ബുക്കിലൂടെ മറ്റൊരു ലൈവുമായി എത്തിയിരുന്നു. തന്റെ പോസ്റ്റ് ഉപയോഗിച്ചുള്ള ട്രോളുകൾ ദയവ് ചെയ്ത് കുത്തിപ്പൊക്കരുതെന്നും പഞ്ചായത്ത് സഹായമായി നിർമ്മിച്ച വീടാണെന്നും എക്സ്റ്റൻഷൻ സ്വന്തമായി ചെയ്തായിരുന്നുവെന്നുമാണ് ജെമിച്ചൻ മുൻപത്തെ ലൈവിലൂടെ പറഞ്ഞത്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വീട് എന്ന സൂചനയിലുള്ള എം.എൽ.എയുടെ പോസ്റ്റിലെ വീടിന്റെ ചിത്രം തന്റെ വീടിന്റേതാണെന്നും തങ്ങൾ കൂലിപ്പണിചെയ്ത് ഉണ്ടാക്കിയ വീടാണിതെന്നും അല്ലാതെ സർക്കാർ നൽകിയതല്ലെന്നുമുള്ള വീട്ടുടമ ജെമിച്ചൻ ജോസിന്റെ കമന്റാണ് വിവാദമായി മാറിയത്. ഒന്നും അറിയാതെ ഇതുപോലെ പോസ്റ്റ് ഇടരുതെന്നും അദ്ദേഹം കമന്റിൽ പറഞ്ഞിരുന്നു. ജെമിച്ചന്റെ കമന്റ് വൈറലായി മാറിയതോടെ വി.കെ. പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |