ന്യൂഡൽഹി: പുതു പരീക്ഷണങ്ങളും നിർമ്മാണങ്ങളുമായി സമ്പന്നമാണ് ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകൾ. നാഗ് ആന്റി ടാങ്ക് മിസൈലും ഐ.എൻ.എസ് കവരത്തി പോലുളള അന്തർവാഹിനി കപ്പലുമെല്ലാം കഴിഞ്ഞദിവസം ഇന്ത്യയുടെ കരുത്തറിയിച്ചാണ് കമ്മിഷൻ ചെയ്യപ്പെട്ടത്. പ്രതിരോധ രംഗത്ത് നാഴികക്കല്ലായ പരീക്ഷണങ്ങൾക്ക് പിന്നാലെ നാവിക സേന ഇപ്പോൾ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വീഡിയോ ഇതിനോടകം കൗതുകവും അത്ഭുതവുമായി മാറിക്കഴിഞ്ഞു.
അറബിക്കടലിൽ നടന്ന നാവികാഭ്യാസത്തിനിടെ ചെറുയുദ്ധവിമാനത്തിൽ നിന്നും തൊടുത്ത മിസൈൽ കൃത്യമായി മറ്റൊരു കപ്പൽ മുക്കിക്കളയുന്നതിന്റെ ദൃശ്യങ്ങളാണ് നാവികസേന പുറത്തുവിട്ടിരിക്കുന്നത്. ഐ.എൻ.എസ് പ്രബൽ എന്ന ചെറുയുദ്ധക്കപ്പലിൽ നിന്നാണ് മിസൈൽ തൊടുത്തത്. ഡീകമ്മിഷൻ ചെയ്‌ത മറ്റൊരു ചെറുയുദ്ധക്കപ്പലാണ് ഇത്തരത്തിൽ തകർത്തുകളഞ്ഞത്. പരമാവധി ദൂരപരിധിയിൽ വളരെ കൃത്യമായി ലക്ഷ്യം ഭേദിക്കാൻ കഴിഞ്ഞുവെന്ന് നാവികസേന വൃത്തങ്ങൾ അവകാശപ്പെട്ടു.
#AShM launched by #IndianNavy Missile Corvette #INSPrabal, homes on with deadly accuracy at max range, sinking target ship. #StrikeFirst #StrikeHard #StrikeSure #हरकामदेशकेनाम pic.twitter.com/1vkwzdQxQV
— SpokespersonNavy (@indiannavy) October 23, 2020
ഐ.എൻ.എസ് പ്രബലിൽ 16 റഷ്യൻ നിർമ്മിത കെ.എച്ച്-35 'ഉറാൻ' മിസൈലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 130 കിലോമീറ്റർ വരെയായിരുന്നു ഈ മിസൈലുകളുടെ പ്രഹരശേഷി. നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് നാവികാഭ്യാസത്തിൽ പങ്കെടുക്കുന്ന പടക്കപ്പലുകളുടെ യുദ്ധശേഷിയും മറ്റും വിലയിരുത്തി. ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് ചെന്നൈ തുടങ്ങിയ പോർ കപ്പലുകളും രംഗത്തുണ്ടായിരുന്നു. ഐ.എൻ.എസ് ചെന്നൈയിൽ നിന്ന് ബ്രഹ്‌മോസ് മിസൈൽ പരീക്ഷണം നടത്തി.
ഇന്ത്യൻ നിർമ്മിത ഗോദാവരി യുദ്ധകപ്പലാണ് തകർത്തത്. 1983ലാണ് ഇത് ആദ്യമായി ഇന്ത്യൻ നാവികസേനയിൽ കമ്മിഷൻ ചെയ്തത്. ഇത്തരത്തിലുളള മൂന്നു കപ്പലുകളാണ് ഇന്ത്യക്ക് സ്വന്തമായിരുന്നത്. ഇതിൽ രണ്ടെണ്ണം 2015ലും 2018ലും ഡീകമ്മിഷൻ ചെയ്‌തിരുന്നു. ഇവയും സമാനമായി കടലിൽ മുക്കികളഞ്ഞുവെന്നാണ് സൂചന.
ശത്രുസേനയുടെ മുങ്ങിക്കപ്പലുകൾ തകർക്കുന്ന ഐ.എൻ.എസ് കവരത്തി യുദ്ധക്കപ്പൽ ഇന്നലെ വിശാഖപട്ടണത്ത് കമ്മിഷൻ ചെയ്തിരുന്നു. ഇന്തോ – പസിഫിക് സമുദ്ര മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ചൈന നീക്കം നടത്തുന്ന സാഹചര്യത്തിൽ, കവരത്തിയുടെ വരവ് ഇന്ത്യയ്‌ക്ക് കരുത്താകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |