റോം: കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളിലും ഇവ കൂടിക്കലർന്ന നിറങ്ങളിലുമൊക്കയുള്ള നായ്ക്കുട്ടികളെ നാം കാണാറുണ്ട്. എന്നാൽ, ഇറ്റലിയിലെ സാർഡിനിയ ദ്വീപിൽ ജനിച്ച ഒരു നായക്കുട്ടിയുടെ നിറം പച്ചയാണ്. കർഷകനായ ക്രിസ്റ്റ്യൻ മല്ലാക്കിയുടെ ഫാമിലാണ് അപൂർവ നിറത്തിൽ നായക്കുട്ടി ജനിച്ചത്. നായക്കുട്ടിയുടെ നിറം കണ്ട് തനിക്ക് വിശ്വസിക്കാനായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിറത്തിന്റെ പ്രത്യേകത കൊണ്ട് പിസ്താഷ്യോ എന്ന പേരാണ് നായക്കുട്ടിക്ക് നൽകിയത്. പിസ്താഷ്യോയ്ക്കൊപ്പം നാല് നായ്ക്കുട്ടികൾ കൂടി ജനിച്ചെങ്കിലും അവയ്ക്കെല്ലാം വെളുപ്പു നിറമാണ്. ഇതിനുപുറമേ പിസ്താഷ്യോയുടെ അമ്മയായ സ്പെലഷ്യയ്ക്കും വെളുപ്പുനിറം തന്നെയാണ്.
ഗർഭകാലത്ത് അമ്മയുടെ വയറ്റിൽ ബിലിവെർഡിൻ എന്ന പച്ചനിറത്തിലുള്ള പിത്തരസം അംനിയോട്ടിക് ദ്രാവകവുമായി കലർന്നതിനാലാവണം നായക്കുട്ടി പച്ചനിറത്തിൽ ജനിച്ചതെന്നാണ് നിഗമനം.
സാധാരണയായി ഫാമിൽ ജനിക്കുന്ന നായക്കുട്ടികളെ ആവശ്യക്കാർക്ക് വളർത്താൻ കൊടുക്കുകയാണ് ക്രിസ്റ്റ്യൻ ചെയ്യുന്നത്. എന്നാൽ പിസ്താഷ്യോയെ ഫാമിൽ തന്നെ പാർപ്പിക്കാനാണ് തീരുമാനം.വളർന്നുവരുന്നതനുസരിച്ച് നായക്കുട്ടിയുടെ നിറവും മാറി വരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
പച്ച നിറത്തിൽ ജനിച്ച നായക്കുട്ടി ശുഭ പ്രതീക്ഷകളുടെ സൂചനയാണ് നൽകുന്നതെന്ന വിശ്വാസത്തിലാണ് ക്രിസ്റ്റ്യൻ. നായ്ക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |