ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ കുടുംബത്തെ അപമാനിച്ച് അമേരിക്കയിലെ റെസ്റ്റോറന്റ്. തുടർന്ന് ഇവരെ റെസ്റ്റോറന്റിൽ നിന്നും പുറത്താക്കുകയും ചെയ്തു. 'ദ സ്‌കോപ്പാ ഇറ്റാലിയൻ റൂട്ട്സ്' എന്ന് പേരുള്ള ഇറ്റാലിയൻ-അമേരിക്കൻ റെസ്റ്റോറന്റിൽ വച്ച് തങ്ങളുടെ ഓർഡറെടുക്കാൻ എത്തിയ 'ജോഷ്വാ സിൽവർമാൻ' എന്ന് പേരുള്ള വെയിറ്റാണ് തന്നോടും തന്റെ സഹോദരനോടും അമ്മ നീരജയോടും പ്രത്യേകിച്ചും, മോശമായി പെരുമാറിയതെന്നും പറഞ്ഞുകൊണ്ട് ട്വിറ്റർ വഴി കുമാർ മംഗളം ബിർളയുടെ മകൾ അനന്യ ബിർള രംഗത്തുവന്നിരുന്നു.
റെസ്റ്റോറന്റ് ഉടമയും ഷെഫുമായ 'അന്റോണിയാ ലൊഫാസ'യെ ടാഗ് ചെയ്തുകൊണ്ടാണ് അനന്യയുടെ ട്വീറ്റ്. സാമൂഹിക പ്രവർത്തകയും ആക്ടിവിസ്റ്റുമായ നീരജ ബിർളയും തനിക്കും മകൾക്കും ഉണ്ടായ ദുരനുഭവം ട്വിറ്റർ വഴി പങ്കുവച്ചിട്ടുണ്ട്. 'മൂന്നു മണിക്കൂറോളമാണ് ഭക്ഷണം കഴിക്കാനായി ഞങ്ങൾ നിങ്ങളുടെ റെസ്റ്റോറന്റിൽ കാത്തിരുന്നത്. ഷെഫ് അന്റോണിയാ, നിങ്ങളുടെ വെയിറ്റർ ജോഷ്വാ സിൽവർമാൻ അങ്ങേയറ്റം മോശമായാണ് എന്റെ അമ്മയോട് പെരുമാറിയത്. വംശീയതയായി കണക്കാക്കാവുന്ന സമീപനം. ഇതൊരിക്കലും ശരിയല്ല.' അനന്യയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
'ഞെട്ടിക്കുന്നതും അങ്ങേയറ്റം ആക്ഷേപാർഹവുമായ പെരുമാറ്റമാണ്' റെസ്റ്റോറന്റിൽ തങ്ങൾക്കുണ്ടായതെന്ന് നീരജയും ട്വിറ്റർ വഴി വ്യക്തമാക്കി. 'ഒരു കസ്റ്റമറിനോടും ഇത്തരത്തിൽ പെരുമാറാനയുള്ള അധികാരം നിങ്ങൾക്കില്ല'-അവർ പറയുന്നു. സംഭവത്തിനെതിരെ അനന്യയുടെ സഹോദരൻ ആര്യമാൻ ബിർളയും പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു അനുഭവം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെന്നും വംശീയത എന്നത് ഒരു യാഥാർഥ്യമാണെന്നുമായിരുന്നു സംഭവത്തെക്കുറിച്ചുള്ള ആര്യമാൻ ബിർളയുടെ പ്രതികരണം.
'
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |