കണ്ണൂർ: കെ.എം ഷാജി എം.എൽ.എയെ വധിക്കാൻ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം തുടരുകയാണെന്ന് കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര. പരാതി ലഭിച്ചതിന് പിന്നാലെ തന്നെ എം.എൽ.എയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. എം.എൽ.എയെ വധിക്കാനുളള പദ്ധതി ചർച്ച ചെയ്യപ്പെട്ട വിവാദ ഓഡിയോ ക്ലിപ്പ് ചോർന്ന് കിട്ടിയ ഇ-മെയിലിനെ സംബന്ധിച്ച് ഗൂഗിളിൽ നിന്നും വിവരം തേടുമെന്നും എസ്.പി വ്യക്തമാക്കി.
കണ്ണൂർ ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി എല്ലാ ദിവസവും താൻ നേരിട്ട് വിലയിരുത്തുന്നുമുണ്ട്. സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളെ ഇതുവരേയും അറസ്‌റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. എം.എൽ.എയുടെ പരാതിയിൽ പരമാവധി തെളിവുകൾ ശേഖരിച്ച് വരികയാണ്. ഇന്റലിജൻസ് നിരീക്ഷണം നിലവിൽ ശക്തമാക്കിയിട്ടുണ്ടെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.
വ്യക്തമാക്കാൻ പറ്റാത്ത പല കാര്യങ്ങളും ഈ ഘട്ടത്തിൽ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ എം.എൽ.എയിൽ നിന്നും പ്രതിയെന്ന് സംശയിക്കുന്നയാളിൽ നിന്നും വിവരങ്ങൾ തേടേണ്ടതുണ്ട്. പ്രതിയായ തേജസിന്റെ പേരിൽ മറ്റ് ക്രിമിനൽ കേസുകൾ ഉളളതായി കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |