കണ്ണൂർ: കേന്ദ്ര സർവ്വകലാശാലയിൽ യോഗ്യതയില്ലാത്ത അദ്ധ്യാപകർ ജോലിയിൽ തുടരുമ്പോഴും സർവ്വകലാശാല അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. യു.ജി.സി നിർദേശിക്കുന്ന യോഗ്യതയില്ലാത്ത അദ്ധ്യാപകർ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പോലും ജോലി ചെയ്തു വരുന്നുവെന്നാണ് പരാതി. അസോസിയേറ്റ് പ്രൊഫസർ ആകുന്നതിന് എട്ടു വർഷത്തെ പഠനവും നെറ്റ് ,പിഎച്ച്.ഡി യോഗ്യതകളുമാണ് യു.ജി.സി നിഷ്കർഷിക്കുന്നത്. എന്നാൽ ഈ യോഗ്യതകളില്ലാത്ത പലരും സർവ്വകലാശാലയിൽ വർഷങ്ങളായി കയറിക്കൂടിയിട്ടുണ്ട്.
യൂണിവേഴ്സിറ്റി ആരംഭിച്ചതു മുതൽ ഇതുവരെയായി 22 പേരെ ഇത്തരത്തിൽ യോഗ്യതയില്ലാത്തവരായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ യോഗ്യതയുള്ള മറ്റ് അദ്ധ്യാപകർ തഴഞ്ഞു വയ്ക്കപ്പെടുകയുമാണെന്നാണ് ആക്ഷേപം. ഇത്തരത്തിൽ നെറ്റ് യോഗ്യതയില്ലാതെ 2012 ൽ പാർട്ട് ടൈം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച ഒരു അദ്ധ്യാപകൻ ഇപ്പോഴും യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ ആയി തുടരുകയാണ്. യോഗ്യതയില്ലാത്ത അദ്ധ്യാപകർ ജേലിയിൽ തുടരുന്നതിൽ, മുഴുവൻ യോഗ്യതകളുമുള്ള മറ്റ് അദ്ധ്യാപകർ പ്രതിഷേധിച്ചതിനെ തുടർന്ന് എം.എച്ച്.ആർ.ഡി മിനിസ്ട്രി കേന്ദ്ര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറക്കിയിരുന്നു. 160 അദ്ധ്യാപകരും 2500 ഓളം വിദ്യാർത്ഥികളുമാണ് യൂണിവേഴ്സിറ്റിയിൽ ഉള്ളത്. യോഗ്യതയില്ലാത്ത അദ്ധ്യാപകർ പഠിപ്പിക്കുന്നതിൽ വിദ്യാർത്ഥികളും പ്രതിഷേധത്തിലാണ്.
അന്വേഷണത്തിന് ഉത്തരവ്
കേരള കേന്ദ്ര സർവ്വകലാശാലയിൽ ജന്തുശാസ്ത്രവിഭാഗത്തിൽ മതിയായ യോഗ്യത ഇല്ലാത്ത അദ്ധ്യാപകൻ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവ്വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗ തീരുമാന പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രൊഫസർമാരായ രണ്ടംഗ സമിതിയെ അന്വേഷണത്തിനും നിശ്ചയിച്ചു. കേന്ദ്ര സർവ്വകലാശാലയിലെ ആദ്യകാല നിയമനങ്ങളിൽ നെറ്റ്, പിഎച്ച്.ഡി ഇല്ലാത്തവർ പോലും നിയമിക്കപ്പെട്ടതായ് പരാതി ഉയർന്നിരുന്നു. നൂറു കണക്കിന് അധിക യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കാതെയും തുച്ഛമായ ശമ്പളത്തിൽ ഗസ്റ്റ് അദ്ധ്യാപകരായും ജോലി ചെയ്യുമ്പോഴാണ് കേന്ദ്ര സർവകലാശാലയിൽ മതിയായ യോഗ്യത ഇല്ലാത്തവർക്ക് യു.ജി.സി നിരക്കിൽ ശമ്പളം നൽകി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |