പാലക്കാട്: ജനപ്രതിനിധികളായി നാലുതവണ തിരഞ്ഞെടുപ്പിൽ ഇറങ്ങിയവരെ ഇനി പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനം. ഇന്നലെ ചേർന്ന ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിൽ ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പിയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ഈ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. വിജയസാധ്യതയുള്ള മേഖലകളിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണമെന്നും യോഗത്തിൽ നിർദ്ദേശമുണ്ടായി. തദ്ദേശ സ്വയംഭരണ സീറ്റ് സംബന്ധിച്ചുള്ള കാര്യത്തിൽ പഞ്ചായത്ത്തല സബ് കമ്മിറ്റികൾ തീരുമാനം വ്യക്തമാക്കും. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകുന്നതിനാണ് പുതിയ തീരുമാനം. ചിലയിടങ്ങളിൽ കുടുംബാധിപത്യം മൂലം മാറിമാറി മത്സരിക്കുന്ന രീതിയുണ്ട്. ഇതിനെ പരിപോഷിപ്പിക്കാൻ ആവില്ലെന്ന കാര്യത്തിലും യോഗം ഒറ്റക്കെട്ടായ തീരുമാനമെടുത്തു. വിജയസാധ്യതയുള്ള യുവാക്കൾക്ക് അർഹിക്കുന്ന പരിഗണന നൽകണമെന്ന് യോഗത്തിൽ പങ്കെടുത്ത എം.എൽ.എമാരായ വി.ടി.ബലറാം, ഷാഫി പറമ്പിൽ എന്നിവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |