പോത്തൻകോട്: പിറന്നാൾ മുതൽ വിവാഹം വരെയുള്ള വിശേഷങ്ങളിലൂടെ വാർത്തകളിൽ ഇടം നേടിയ പോത്തൻകോട്ടെ പഞ്ചരത്നങ്ങളെ കാണാൻ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെത്തി. മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇന്നലെയാണ് ഉമ്മൻചാണ്ടി പഞ്ചരത്നങ്ങളുടെ വീട്ടിലെത്തിയത്.
എം.എൽ.എയായിരുന്ന പാലോട് രവിയാണ് പഞ്ചരത്നങ്ങളുടെ ദയനീയ അവസ്ഥ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് സഹകരണ ബാങ്കിലെ ജോലിയുൾപ്പെടെയുള്ള സഹായങ്ങൾ കുടുംബത്തിന് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഗുരുവായൂരിലെ വിവാഹശേഷം ഇന്നലെയാണ് 'പഞ്ചരത്നത്തിൽ" വിവാഹ സത്കാരചടങ്ങ് നടന്നത്. പോത്തൻകോട് വഴയ്ക്കോട് 'പഞ്ചരത്‌ന"ത്തിൽ പരേതനായ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളാണ് പഞ്ചരത്‌നങ്ങൾ എന്ന പേരിൽ പ്രശസ്തരായത്. കുട്ടികൾക്ക് ഒമ്പത് വയസുള്ളപ്പോൾ അച്ഛൻ പ്രേമകുമാർ മരിച്ചു. പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി സുമനസുകളുടെ സഹായത്തോടെ അമ്മ രമാദേവി അഞ്ചുമക്കൾക്കും തണലായി മാറുകയായിരുന്നു. തുടർന്ന് രമാദേവിക്ക് ജില്ലാ സഹകരണ ബാങ്കിൽ ജോലി നൽകിയതോടെയാണ് കുടുംബത്തിന് കൈത്താങ്ങൊരുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |