കോട്ടയം: ലൈഫ് മിഷൻ പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ അഞ്ചാമത്തെ ഐഫോൺ കിട്ടിയത് ആർക്കാണെന്ന് തനിക്കറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'യൂണിടാക് ഉടമ നൽകിയ ഒരു ഐ ഫോൺ കൂടി കിട്ടാനുണ്ട്. ആ ഫോൺ എവിടെയുണ്ടെന്ന് എനിക്കറിയാം. എന്നാൽ അത് ഞാൻ വെളിപ്പെടുത്തുന്നില്ല. ഞാൻ ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ അന്വേഷണ ഏജൻസി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാൻ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയിൽ ആ ഐഫോണില്ലെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടതാണ്'- അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
ഐഫോൺ ആർക്കൊക്കെ കിട്ടിയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതോടൊപ്പം തനിക്കെതിരെ ആരോപണം ഉന്നയിച്ചയാൾക്കെതിരെ മാനനഷ്ട കേസുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനെ സർവീസിൽ നിന്ന് പുറത്താക്കാൻ ധൈര്യമുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു. ഭയംകൊണ്ടാണ് ശിവശങ്കറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |