വാഷിംഗ്ടൺ : ഭരണത്തുടർച്ചയെന്ന സുന്ദര സ്വപ്നം അമേരിക്കക്കാർ ഇല്ലാതാക്കിയെങ്കിലും അതിന്റെയെല്ലാം ദേഷ്യം ട്രംപ് തീർക്കുന്നത് ചൈനയോടായിരിക്കുമെന്ന് സൂചനകൾ. സ്ഥാനമൊഴിയും എന്ന സൂചന ഇനിയും നൽകാത്ത ട്രംപിനെ സംബന്ധിച്ചിടത്തോളം ഇനിയും ചൈനയ്‌ക്കെതിരെ നടപടികളെടുക്കാൻ സമയമുണ്ടെന്നാണ് നയതന്ത്ര മേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. എന്നാൽ ഇതെല്ലാം ബാധിക്കുന്നത് പുതിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയാവും. ലോകരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുക എന്നതിലേക്ക് അദ്ദേഹത്തിന് അക്ഷീണം പ്രയത്നിക്കേണ്ടിവരും എന്നത് തന്നെ കാരണം.
പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ട്രംപ് ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇതിൽ ആദ്യത്തേത് ലോകം മുഴുവൻ കൊവിഡ് പരത്തിയതിന്റെ ഉത്തരവാദി ചൈനയെന്നതിലാണ്. കൊവിഡിനെ ചൈനാവ്യാധി എന്ന് ആദ്യം വിശേഷിപ്പിച്ച ട്രംപ്, ചൈനയുടെ പേരിലാണ് ലോക ആരോഗ്യ സംഘടനയെ പോലും രൂക്ഷമായി വിമർശിക്കുവാൻ മുതിർന്നത്. രണ്ടാമതായി അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ ക്ഷീണവും ചൈനയുടെ തലയിലാക്കുവാനാണ് ട്രംപ് താത്പര്യപ്പെടുന്നത്. കൊവിഡ് കാലഘട്ടത്തിന് മുൻപ് ചൈനയുമായി വ്യാപര യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്ക ഏകപക്ഷീയമായി ചൈനീസ് ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നതിലാണ് ശ്രദ്ധിച്ചിരുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ മാർക്ക് മാഗ്നിയറുടെ അഭിപ്രായ പ്രകാരം ഇനിയുള്ള നാളുകളിൽ ട്രംപിന്റെ നീക്കങ്ങൾ ചൈനയ്ക്ക് എതിരെയാവുമെന്ന് തന്നെയാണ്. ഇതിനായി തായ്‌വാനെ ഉപയോഗിക്കുവാനും സാദ്ധ്യതയുണ്ട്. ചൈനയിൽ മുസ്ളിം ന്യൂനപക്ഷത്തിനെതിരെ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഉയർത്തിക്കാട്ടി ചൈനീസ് പൗരൻമാർക്ക് പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവർക്ക് വിസ നിയന്ത്രണമടക്കമുള്ള കർശനമായ നടപടികളിലേക്ക് ട്രംപ് കടക്കുവാൻ സാദ്ധ്യതയുണ്ട്. ടിക് ടോക്ക്, വീ ചാറ്റ് എന്നിവയ്ക്ക് ശേഷം കൂടുതൽ ചൈനീസ് ആപ്ലിക്കേഷനുകളെ അമേരിക്കയിൽ നിന്നും പടികടത്തുവാനും ഇനിയുള്ള നാളുകളിൽ ട്രംപ് ശ്രമിച്ചേക്കാം. ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടി ട്രംപിന്റെ മുൻപിലുണ്ടെന്നതും അദ്ദേഹത്തിന് പ്രചോദനമാകാം.
അതേസമയം ബൈഡൻ അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റാലും ചൈനയുമായുള്ള ബന്ധം മുൻപത്തേ പോലെ ഊഷ്മളമാകുവാൻ സാദ്ധ്യതയില്ല. പ്രസിഡന്റായി വിജയിച്ച ശേഷം ബൈഡൻ നൽകിയ പ്രസംഗത്തിൽ ലോകത്തെ നേതാവായുള്ള അമേരിക്കയുടെ പെരുമ തിരിച്ചു പിടിക്കും എന്നാണ് അണികളോട് പറഞ്ഞത്. കഴിഞ്ഞ നാല് വർഷത്തിനിടെ ചൈനയുടെ ശക്തി ഗണ്യമായി വർദ്ധിച്ചത് കണക്കിലെടുത്താൽ ബൈഡന്റെ നയങ്ങളിൽ പലതും ട്രംപ് ഭരണകൂടവുമായി ചില സാമ്യത പുലർത്തുമെന്ന് കരുതുന്നവരും ഉണ്ട്. ഇത്തരമൊരു വികാരമാണ് കോർനെൽ യൂണിവേഴ്സിറ്റിയിലെ നിയമ വിഭാഗത്തിലെ പ്രൊഫസറായ സാറാ ക്രെപ്സ് പങ്കുവയ്ക്കുന്നത്. ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത് 73 ശതമാനം അമേരിക്കക്കാരും ചൈനയെ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. മുസ്ലീം ന്യൂനപക്ഷങ്ങളുടെ വലിയൊരു ജനവിഭാഗത്തെ ചൈന അടിച്ചമർത്തുന്നത് തികഞ്ഞ മനുഷ്യ സ്‌നേഹി എന്ന വിശേഷണമുള്ള ബൈഡൻ കണ്ടുനിൽക്കുമെന്ന് കരുതാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |